പള്ളിക്കൽ : കെട്ടിട നിർമാണമേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കി അസംസ്കൃത സാധനങ്ങളുടെ വിലയിൽ വൻവർദ്ധനവ്. ലോക്ക് ഡൗണിനെ തുടർന്ന് സ്തംഭനത്തിലായ നിർമ്മാണ മേഖല സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് പതുക്കെ സജീവമായത്. ഹാർഡ് വെയർ കടകൾ തുറന്നെങ്കിലും സിമന്റിന്റെ വിലയിലുണ്ടായ വർദ്ധനവ് കനത്ത തിരിച്ചടിയായി. ലോഡ് വരുന്നില്ല എന്ന കാരണം നിരത്തി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സിമിന്റിനാണ് അമിതവില വാങ്ങുന്നത്. ലോക്ക് ഡൗൺ ആരംഭിക്കുമ്പോൾ ഒരു ചാക്ക് സിമന്റിന് 350 രൂപയായിരുന്നു. ഇപ്പോൾ 80 രൂപ വരെയാണ് വർദ്ധിച്ചത്. കമ്പിക്ക് 47.50 ൽ നിന്ന് 52 മുതൽ 55 രൂപ വരെയാണ് കിലോയ്ക്ക് വാങ്ങുന്നത്. ഇളവുകൾ വന്നെങ്കിലും ക്വാറി,ക്രഷർ യൂണിറ്റുകൾ പ്രവർത്തിക്കാത്തതും തിരിച്ചടിയാകുന്നുണ്ട്. മെറ്റിലും എംസാൻഡും യാർഡുകളിൽ മാത്രമേ കിട്ടാനുള്ളൂ.
ഇത് കാരണം സ്വകാര്യ മേഖലയിലെ നിർമാണ പ്രവർത്തനങ്ങളും ത്രിതലപഞ്ചായത്തുകളുടെ മരാമത്ത് വർക്കുകളും മുടങ്ങിയിരിക്കുകയാണ്. കെട്ടിട നിർമാണ മേഖലയിൽ പണിയെടുക്കുന്ന ആയിരങ്ങൾക്ക് തൊഴിൽ നഷ്ടവുമുണ്ടായി.
ലൈഫ് വീടുകളും മുടങ്ങി
ലൈഫ് മിഷൻ പദ്ധതിയിലെ വീടുകളുടെ പണികളും നിലച്ചിരിക്കുകയാണ്.
പരിശോധനയില്ല
ലോക്ക് ഡൗണിൽ അമിതവിലയിടാക്കുന്ന പെട്ടികടകളിൽ വരെ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥസംഘം അന്യായ വില ഈടാക്കുന്ന യാർഡുകളെ നിയന്ത്രിക്കാൻ തയാറാകുന്നില്ല.
മെറ്റിൽ , എം സാൻഡ് എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുവാൻ ആഴ്ചയിൽ രണ്ടുദിവസമെങ്കിലും ക്രഷറുകളും ക്വാറികളും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകണം. സിമന്റിന്റെ വില നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണം.
കെ.ദിനേശ്,
പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ്
അസോ.ജില്ലാ സെക്രട്ടറി
ലോക്ക് ഡൗണിന് മുമ്പ് : ഒരു ചാക്ക് സിമന്റിന് 350 രൂപ
ഇപ്പോൾ : 420 - 430 വരെ
കമ്പി വില 1 കിലോ ഗ്രാം : 47.50 ൽ
ഇപ്പോൾ 52 - 55 രൂപ വരെ
ഒരടി മെറ്റിലിന് 45 രൂപ,
ഇപ്പോൾ : 65 രൂപ
എം സാന്റിന് 50 - 52 രൂപ
ഇപ്പോൾ : 80 രൂപ
നിർമ്മാണ സാമഗ്രികൾ സൈറ്റിൽ എത്തുമ്പോൾ 2000 രൂപ മുതൽ ദൂരമനുസരിച്ച് വാഹനക്കൂലി വേറെ നൽകണം.