കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്നതിൽ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കെ.എസ്.എഫ്.ഇ (കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്) പ്രധാന പങ്കു വഹിക്കുന്നു. കൊവിഡ് തളർത്തിയ സമ്പദ് രംഗത്തെ കരകയറ്റാനുളള വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് ഇൗ സ്ഥാപനം. ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾക്ക് ആശ്വാസമെത്തിക്കാനും സർക്കാരിന് വരുമാനം ലഭ്യമാക്കാനും നൂതന പദ്ധതികൾ രൂപപ്പെടുത്താൻ വിശ്രമമില്ലാത്ത ചിന്തയിലും പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുകയാണ് കെ.എസ്.എഫ്.ഇ സാരഥി അഡ്വ. പീലിപ്പോസ് തോമസ്. പത്തനംതിട്ട പുല്ലാട് കിഴക്കേൽ വീട്ടിലിരുന്ന് ഉദ്യോഗസ്ഥരുമായി ഫോണിൽ നിരന്തര ചർച്ചകളിലാണ് അദ്ദേഹം.
ഇടവേളകളിൽ വായനാലോകത്ത്. കമ്മ്യൂണിസ്റ്റ് നേതാവും പ്രമുഖ അഭിഭാഷകനുമായിരുന്ന ജി.ജനാർദ്ദനക്കുറുപ്പിന്റെ ആത്മകഥ 'എന്റെ ജീവിതം' വായിച്ചു. പാവങ്ങളുടെ കൈകളിൽ എങ്ങനെ പണമെത്തിക്കണമെന്ന് വിവരിക്കുന്ന ലാറ്റിനമേരിക്കൻ പഠനഗന്ഥ്രം 'ജസ്റ്റ് ഗിവ് മണി ടു ദ പുവർ', അഭിപ്രായ വോട്ടെടുപ്പുകളെക്കുറിച്ച് പ്രണബ് റോയി എഴുതിയ 'ദ വെർഡിക്ട്', എസ്. ഹരീഷിന്റെ 'മീശ' എന്നിവയുടെ വായനയിലാണ്. പറമ്പിൽ ചെറിയ തോതിൽ കൃഷിയും ആരംഭിച്ചു. കൊവിഡ് ഉയർത്തിയ സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെയും ഇടപാടുകാരെയും സഹായിക്കാനുളള സംരംഭങ്ങളെക്കുറിച്ച് ആസൂത്രണ ബോർഡ് മുൻ അംഗം കൂടിയായ പീലിപ്പോസ് തോമസ് കേരളകൗമുദിയോട് വിശദീകരിക്കുന്നു.
പലിശ കൂടുതൽ നൽകി
കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടി എന്നതാണ് കെ.എസ്.എഫ്.ഇയുടെ തത്വശാസ്ത്രം. മുഖ്യമന്ത്രി പിണറായി വിജയന്റെയും ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെയും പിന്തുണയോടെയാണ് കെ.എസ്.എഫ്.ഇയുടെ മുന്നേറ്റം സാദ്ധ്യമാകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്ഥാപനമെന്ന നിലയിൽ 10 കോടി രൂപ ആദ്യ ഗഡുവായി നൽകി. സർക്കാർ നിർദ്ദേശിച്ച രീതിയിൽ അഞ്ചുമാസം കൊണ്ട് ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 50 കോടിയാണ് ആകെ നൽകുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റവും കൂടുതൽ തുക നൽകുന്ന പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.എഫ്.ഇ.
രാജ്യം മുഴുവൻ കൊവിഡ് ഭീതിയിലായ സമയത്ത് സേവിംഗ്സ്, സ്ഥിരനിക്ഷേപങ്ങൾക്ക് പൊതുമേഖലാ ബാങ്കുകൾ പലിശ കുറച്ചു. എന്നാൽ, അസാധാരണ നടപടിയിലൂടെ നിക്ഷേപകർക്ക് ഒരു വർഷത്തേക്ക് പലിശ കൂട്ടി നൽകാൻ കെ.എസ്.എഫ്.ഇ തീരുമാനിച്ചു. ആറ് മാസ നിക്ഷേപങ്ങൾക്ക് പലിശ 4.25 ശതമാനത്തിൽ നിന്ന് 7 ശതമാനമായി ഉയർത്തി. ഒരു വർഷത്തെ സ്ഥിരം നിക്ഷേപങ്ങൾക്ക് പലിശ 7ൽ നിന്ന് 7.25 ശതമാനമാക്കി. ചിട്ടിപ്പണം കൈപ്പറ്റാതെ നിക്ഷേപിക്കുന്നവർക്കുള്ള പലിശ 7.50 ൽ നിന്ന് 7.75 ശതമാനമാക്കി. മുതിർന്ന പൗരന്മാർക്കുള്ള പലിശ 8 ശതമാനത്തിൽ നിന്ന് 8.5 ആയി ഉയർത്തി.
ചിട്ടിക്കും വായ്പാ തിരിച്ചടവിനും ഒാൺലൈൻ പേമെന്റ് സംവിധാനം ഏപ്രിൽ 30ന് നടപ്പാക്കി. ഫെഡറൽ ബാങ്ക്, സൗത്ത് ഇൻഡ്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയുമായി ബന്ധപ്പെടുത്തി ഉപഭോക്താക്കൾക്ക് യു.എെ.ഡി നമ്പർ നൽകി. ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, വാലറ്റ് പേമെന്റ് എന്നിവ മുഖേനയും പണമടയ്ക്കാം. ഇതിനകം നാനൂറോളം ആളുകൾ ഇൗ രീതിയിൽ പണമടച്ചു. ഉപഭോക്താക്കൾക്കു വേണ്ടി കെ.എസ്.എഫ്.ഇ ആപ്പ് ഇൗ മാസം പുറത്തിറക്കും.
വ്യാപാര സമൃദ്ധി വായ്പ
ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികളെ സഹായിക്കാൻ 'വ്യാപാര സമൃദ്ധി വായ്പ' പദ്ധതി ഇൗ മാസം ആരംഭിക്കും. ഒരു ലക്ഷം രൂപ വരെ രണ്ടു വർഷ കാലയളവിലേക്ക് നൽകും. ദിവസേന തിരിച്ചടവിന് സൗകര്യമുണ്ട്. പലിശ 11.50 ശതമാനമാണ്. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശയിൽ അര ശതമാനത്തിന്റെ കിഴിവ് ലഭിക്കും. രണ്ട് വ്യാപാരികൾ ജാമ്യം നിന്നാൽ വായ്പ അനുവദിക്കും.
കർഷകർക്ക് ഡിസ്കൗണ്ട് ചിട്ടി
ചെറുകിട കർഷകരെ സഹായിക്കുന്നതിന് ഡിസ്കൗണ്ട് ചിട്ടിയാണ് മറ്റൊരു പദ്ധതി. 20- 25 മാസ കാലാവധിയിൽ തീരും. ഒരു ലക്ഷം രൂപയാണ് നൽകുന്നത്. ചേരുന്ന എല്ലാവർക്കും ഒരു ഡിസ്കൗണ്ട് ഉറപ്പാക്കും. അഞ്ചാം മാസം ആവശ്യമുളള എല്ലാവർക്കും ചിട്ടിത്തുക നൽകും. നറുക്കു വീഴാനുളള സമയം വരെ കാത്തിരിക്കേണ്ട. അഞ്ചു ശതമാനം കമ്മിഷൻ കിഴിച്ചുളള 95,000 രൂപ ഇടപാടുകാർക്ക് നൽകും. അത്യാവശ്യമുള്ളവർക്ക് ചേരുമ്പോൾത്തന്നെ ചിട്ടി ലോൺ അനുവദിക്കും. കർഷകർക്ക് മുൻഗണ നൽകുമെങ്കിലും വ്യാപാരികളെയും പരിഗണിക്കും.
ഗോൾഡ് ലോൺ
പെട്ടന്നുള്ള ആവശ്യത്തിന് പണം വേണ്ടവർക്ക് 10,000 രൂപവരെ നൽകുന്നതാണ് ഗോൾഡ് ലോൺ. എട്ടര ശതമാനം പലിശയ്ക്കാണ് സ്വർണപ്പണയ വായ്പ നൽകുന്നത്. കൊവിഡിൽ ബുദ്ധിമുട്ടുന്നവർക്ക് ഇത് പ്രയോജനപ്പെടുത്താം. ബാങ്കുകൾ നൽകുന്ന സ്വർണ വായ്പകൾക്ക് ഇപ്പോൾ കുറഞ്ഞ പലിശ 9.5 ശതമാനമാണ്. കെ.എസ്.എഫ്.ഇ ബ്രാഞ്ചുകൾ വഴി നൽകുന്ന വായ്പയുടെ 25 ശതമാനവും ഗോൾഡ് ലോൺ ആണ്.
മടങ്ങിവരുന്ന പ്രവാസികൾക്ക്
കൊവിഡിനെ തുടർന്ന് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളെ സഹായിക്കാൻ കെ.എസ്.എഫ്.ഇ വായ്പാ പദ്ധതി നടപ്പാക്കും. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന വീടില്ലാത്ത പ്രവാസികൾക്ക് അടിയന്തര താമസ സൗകര്യം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്ക് മൂന്നു ശതമാനം പലിശയ്ക്ക് ഒരു ലക്ഷം രൂപ വരെ നാലു മാസക്കാലത്തേക്ക് സ്വർണപ്പണയ വായ്പയായി നൽകും. മാർച്ച് 15 നു ശേഷം നാട്ടിൽ വന്നവർക്കാണ് വായ്പ നൽകുന്നത്. പ്രവാസിയാണെന്നു തെളിയിക്കുന്ന പാസ്പോർട്ടിന്റെ പകർപ്പ് നൽകിയാൽ വായ്പ അനുവദിക്കും. നിലവിൽ കെ.എസ്.എഫ്.ഇയുടെ ചിട്ടിയിൽ അംഗങ്ങളായ 16,000 പ്രവാസികൾക്ക് മൂന്ന് ശതമാനം പലിശയ്ക്ക് 1.5 ലക്ഷം രൂപ സ്വർണപ്പണയ വായ്പയായി അനുവദിക്കും.
ഒറ്റത്തവണ തീർപ്പാക്കൽ
ഇളവ് 2019 എന്ന പേരിൽ കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ തീയതി കൊവിഡ് സാഹചര്യത്തിൽ ജൂൺ 30 വരെ നീട്ടി. മാർച്ച് പതിനഞ്ചിനുള്ളിൽ 1100 കോടി രൂപ പിരിച്ചെടുത്തു. 72,129 ആളുകളാണ് കുടിശിക തീർത്തത്. റിസർവ് ബാങ്ക് നിർദേശ പ്രകാരമുളള മൊറട്ടോറിയം നടപ്പാക്കി. റവന്യു റിക്കവറി നീട്ടിവച്ചു.
തിളങ്ങുന്ന നേട്ടങ്ങൾ
പീലിപ്പോസ് തോമസ് കെ.എസ്.എഫ്.ഇ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത് 2016 ലാണ്. അന്ന് 444 കോടിയുടെ ചിട്ടി ബിസിനസാണ് നടത്തിയിരുന്നത്. നാല് വർഷത്തിനുളളിൽ 684 കോടിയായി ഉയർത്താൻ അദ്ദേഹത്തിനു സാധിച്ചു. ആകെ 35 ലക്ഷം ഇടപാടുകാരാണുള്ളത്. ചിട്ടി വരിക്കാർ 18 ലക്ഷമുണ്ട്. കേരളത്തിലെ ചിട്ടിയുടെ 80 ശതമാനവും നടത്തുന്നത് കെ.എസ്.എഫ്.ഇയാണ്.
കുടുംബ വിശേഷം
ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിലെ മുൻ എക്സിക്യുട്ടീവ് ഒാഫീസർ മോളി തോമസാണ് പീലിപ്പോസ് തോമസിന്റെ ഭാര്യ. പ്രിയ മേരി തോമസ്, നീതു എൽസ തോമസ് എന്നിവർ മക്കൾ. സഞ്ജു സെബാസ്റ്റ്യൻ, ബെന്നി തോമസ് എന്നിവരാണ് മരുമക്കൾ. ചെറുമക്കൾ- ജൊഹാൻ, അനിക, ആരിഷ്