തിരുവല്ല: തിരക്കേറിയ നെല്ലാട് - കല്ലിശേരി റോഡിൽ പൊലീസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കുമെന്ന വാഗ്ദാനം നടപ്പായില്ല. ഇതുകാരണം ജനങ്ങൾ ദുരിതത്തിലായി. വെള്ളിയാഴ്ച വൈകിട്ടാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരുമുട്ടിൽ കടവ് പാലം അടച്ചത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ മറ്റ് അതിർത്തികൾ അടയ്ക്കുമ്പോൾ ഇവിടെ ചെക്ക് പോസ്റ്റ് സ്ഥാപിച്ചു അത്യാവശ്യ വാഹനങ്ങളെ കടത്തിവിടും എന്നായിരുന്നു അറിയിച്ചിരുന്നത്. ജില്ലാ കളക്ടർ നടത്തിയ വീഡിയോ കോൺഫറൻസിൽ ഇരവിപേരൂർ പഞ്ചായത്ത് ഇക്കാര്യം ഉന്നയിച്ചിരുന്നതാണ്. കൂടാതെ മറ്റു ജനപ്രതിനിധികളും ഈ ആവശ്യമുന്നയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഓതറ പുതുക്കുളങ്ങര തൈമറവുംകര, പടിഞ്ഞാറ്റോതറ എന്നിവിടങ്ങളിലെ ആയിരത്തിലേറെയുള്ള വീടുകളിൽ വൈദ്യുതി കണക്ഷൻ നൽകിയിരിക്കുന്നത് കല്ലിശേരി ഇലക്ട്രിക്കൽ സെക്ഷൻ കീഴിലാണ്. കാറ്റും മഴയും മൂലം വൈദ്യുതി മുടക്കം ഉണ്ടായാൽ റോഡ് അടച്ചതുമൂലം ഇത് പരിഹരിക്കാനാവാത്ത സ്ഥിതിയാണ്. വൈദ്യുതി വിതരണം പുനസ്ഥാപിക്കണമെങ്കിൽ പ്രാവിൻകൂട്,കുറ്റൂർ,ഓതറ വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ച് വേണം അധികൃതർക്ക് ഇവിടെ എത്തിച്ചേരാൻ. ആലപ്പുഴ-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന മറ്റ് ചെറിയ വഴികളും കഴിഞ്ഞ ദിവസങ്ങളിൽ അടച്ചിരുന്നു. നിലവിൽ ഈ പ്രദേശത്തുള്ളവർ ഒന്നുകിൽ പുത്തൻകാവ് വഴിയോ കുറ്റൂർ ആറാട്ടുകടവ് വഴിയോ യാത്ര ചെയ്യണം.ഓതറ സാമൂഹിക ആരോഗ്യ കേന്ദ്രം, ചെങ്ങന്നൂർ റവന്യൂ വിഭാഗം,കെ.എസ്ഇ.ബി,പൊലീസ്, എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരും വഴി അടച്ചതോടെ ദുരിതത്തിലായിരിക്കുകയാണ്.