പത്തനംതിട്ട : അന്യസംസ്ഥാന തൊഴിലാളികളുമായി പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള ആദ്യ ട്രെയിൻ പത്തിന് പുറപ്പെടും. ബീഹാറിലേക്കാണ് ആദ്യ ട്രെയിൻ അനുവദിച്ചിട്ടുള്ളത്. ആറാം തീയതി കോട്ടയത്തു നിന്ന് ഒഡീഷയിലേക്കും പത്തിന് ഇടുക്കിയിൽ നിന്നുള്ളവരുമായി ജാർഖണ്ഡിലേക്കും ട്രെയിനുകൾ പോകുന്നുണ്ട്. ഈ ട്രെയിനുകളിൽ സീറ്റ് ഒഴിവുണ്ടെങ്കിൽ പത്തനംതിട്ടയിൽ നിന്നുള്ളവരെ പരിഗണിക്കുന്നതിനും ശ്രമിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിൽ നിന്ന് നാട്ടിലേക്കു തിരിച്ചുപോകുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ വില്ലേജുകളിൽ ശേഖരിച്ച് തിങ്കളാഴ്ച പട്ടിക പൂർത്തിയാക്കി സംസ്ഥാന സർക്കാരിന് കൈമാറും. ജില്ലയിൽ 16066 അതിഥി തൊഴിലാളികളാണുള്ളത്. ഇതിൽ ചെറിയ ഒരു ശതമാനംപേരാണ് ഉടൻ മടങ്ങുവാൻ താൽപര്യം പ്രകടപ്പിച്ചത്. ഇവർ ഏത് സംസ്ഥാനത്തേക്കാണ് പോകുന്നത് എന്നതനുസരിച്ച് സംസ്ഥാനതല പട്ടിക തയ്യാറാക്കും. ജില്ലയിൽ നിന്നു പോകുവാൻ മതിയായ എണ്ണത്തിനുള്ള ആളുകൾ ഇല്ല എങ്കിൽ കോട്ടയം ജില്ലയുമായി ചേർന്ന് അവരെ അയക്കുവാനുള്ള സംവിധാനമൊരുക്കും. ഇവരെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്നതിനുള്ള ഗതാഗത സംവിധാനം കെ.എസ്.ആർ.ടി.സി ഒരുക്കും. മടങ്ങിപോകാൻ ഉദ്ദേശിക്കുന്നവരുടെ മുൻഗണനാ പട്ടിക തയ്യാറാക്കാൻ സബ് കളക്ടർക്കും ആർ.ഡി.ഒയ്ക്കും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. അന്യ സംസ്ഥാന തൊഴിലാളികൾക്കായി ജില്ലയിൽ സ്ഥാപിച്ച കോൾ സെന്ററുകളിലെ വോളന്റീയേഴ്‌സുമായി നടത്തിയ വീഡിയോ കോൺഫറൻസിനുശേഷമാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. എ.ഡി.എം അലക്‌സ്.പി.തോമസ്, കോൾ സെന്റർ കോഓർഡിനേറ്റർ ഡോ.ശ്രീകുമാർ പങ്കെടുത്തു.
* അന്യ സംസ്ഥാന തൊഴിലാളികളുടെ സംശയ നിവാരണത്തിന്
കോൾ സെന്ററിലേക്ക് വിളിക്കാം ഫോൺ : 90159 78979.
വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള വോളണ്ടിയേഴ്‌സ് 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.
* ജില്ലയിൽ അതിഥി തൊഴിലാളികൾ : 16066 .
ഗർഭിണികൾ, കൊച്ചുകുട്ടികൾ, മുതിർന്നവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് യാത്രയ്ക്ക് മുൻഗണന.