മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ വരച്ചുനൽകാനുള്ള
ശ്രമത്തിൽ എം.ബി.എ വിദ്യാർത്ഥിനി
കൂടൽ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ അമരക്കാരൻ മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ അഭിവാദ്യമർപ്പിക്കുകയാണ് മുറിഞ്ഞകൽ തോണുവേലിൽ സന്തോഷ് കുമാറിന്റെയും ഷിജിയുടെയും മകൾ ശ്രദ്ധ സന്തോഷ്. പ്രതിരോധ പ്രവർത്തനങ്ങളുടെ സന്നദ്ധ പ്രവർത്തക കൂടിയായ ഈ വിദ്യാർത്ഥിനി ലോക്ക് ഡൗണിന് ശേഷം വരച്ച ചിത്രങ്ങൾ മുഖ്യമന്ത്രിക്ക് നേരിട്ട് നൽകാനുള്ള ഒരുക്കത്തിലാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെ വയറലായ ശ്രദ്ധ വരച്ച മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ കണ്ട് നിലമ്പൂർ എം.എൽ.എ പി.വി.അൻവർ അനുമോദനങ്ങളുമായി കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. എം.എൽ.എയാണ് ചിത്രങ്ങൾ മുഖ്യമന്ത്രിക്ക് നേരിട്ട് നൽകണമെന്നാവശ്യപ്പെട്ടത്. ഒരാളുടെ രൂപം മനസിൽ പതിഞ്ഞു കഴിഞ്ഞാൽ ചാർട്ട് പേപ്പറും ഗ്രാഫിക് പെൻസിലുമുപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ ശ്രദ്ധ വരയ്ക്കും. കോന്നി ശ്രീനാരായണ പബ്ലിക് സ്‌കൂൾ, ഐരവൺ പി.എസ്.വി.പി.എം ഹയർ സെക്കൻഡറി സ്‌കൂൾ, തിരുവനന്തപുരം മാർ ഇ വാനയോസ് കോളേജ് എന്നിവിടങ്ങളിൽ പഠിക്കുമ്പോൾ നിരവധി ചിത്രരചന മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
കൊച്ചി കാക്കനാട്ടെ ഇന്ത്യൻ സ്‌കൂൾ ഒഫ് കോമേഴ്സിലെ എ.സി.സി വിത്ത് എം.ബി.എ വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ പ്രളയ കാലത്തും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ശ്രദ്ധ സജീവമായിരുന്നു. കൂട്ടുകാർ ആവശ്യപ്പെട്ടാൽ അവരുടെ ചിത്രങ്ങൾ വരച്ച് കൊറിയറിൽ അയച്ച് കൊടുക്കും. വിവാഹം, വിവാഹവാർഷികം, ജന്മദിനം എന്നീ വിശേഷ ദിവസങ്ങളിൽ ചിത്രങ്ങൾ വരച്ച് സമ്മാനമായി നൽകും. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ വൺ ഗ്രേഡും പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസും കരസ്ഥമാക്കിയ ശ്രദ്ധ ആറ് മാസം അച്ഛൻ സന്തോഷ് കുമാറിനൊപ്പം മസ്‌ക്കറ്റിൽ അകൗണ്ടന്റായും ജോലി ചെയ്തു. മുത്തച്ഛൻ കെ.ഗംഗാധരൻ 1954 മുതൽ ജില്ലയിലെ വിവിധ സർക്കാർ സ്‌കൂളുകളിൽ ചിത്രകലാ അദ്ധ്യാപകനായിരുന്നു. ഏക സഹോദരൻ ശ്രാവൺ സന്തോഷ് ന്യൂസിലാന്റിൽ ജോലി ചെയ്യുന്നു.