പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ബഡ്ജറ്റ് ഹോട്ടൽ ഇരവിപേരൂരിൽ പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീ സംരംഭത്തിലൂടെ പൊതിച്ചോറ് 25 രൂപയ്ക്കും ഹോട്ടലിൽ 20 രൂപയ്ക്കും ഉച്ച ഊണ് ലഭ്യമാക്കും. കൊവിഡ് രോഗനിയന്ത്രണങ്ങൾ ഉള്ളതിനാൽ പൊതിച്ചോറാണ് ഇവിടെനിന്നു ലഭിക്കുക. പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചന്റെ തുടർച്ചയായാണു ബഡ്ജറ്റ് ഹോട്ടൽ പ്രവർത്തിക്കുന്നത്. പഞ്ചായത്തിലെ ഏറ്റവും നിർദ്ധരായവർക്ക് ഇവിടെനിന്നു ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. പഞ്ചായത്തിലെ എല്ലാ വീടുകൾക്കുമുള്ള കിറ്റ് വിതരണവും നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള കിറ്റ് വിതരണവും പൂർത്തീകരിച്ചതിനാലാണ് സാമൂഹിക അടുക്കളയെ ബഡ്ജറ്റ് ഹോട്ടലായി പുനഃക്രമീകരിച്ചത്.