കൊടുമൺ: അങ്ങാടിക്കൽ സ്കൂളിന് സമീപം 16കാരനായ സ്കൂൾ വിദ്യാർത്ഥി സുധീഷ് ഭവനിൽ അഖിൽ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ സഞ്ചാര പാത പൊലീസ് തയ്യാറാക്കി. സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനാണിത്. പ്രതികൾ അഖിലിന്റെ വീട്ടിലെത്തുന്നത്, അഖിലിനെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ട് പോകുന്നത്, കൊലപാതകം നടന്ന റബർ തോട്ടത്തിലെത്തുന്നത്, സംഭവത്തിനു ശേഷം പ്രതികളുടെ നീക്കം എന്നീ വഴികളിലടെ അന്വേഷണ സംഘവും സഞ്ചരിക്കും. പ്രതികളുടെ സഞ്ചാര പാതയിലൂടെ പോയി അവരെ കണ്ട സാക്ഷികളുടെ മൊഴികൾ ശേഖരിക്കും.

തെളിവെടുപ്പിനും ചോദ്യം ചെയ്യാനും പ്രതികളെ കൊല്ലം ജുവനൈൽ ഹോമിൽ നിന്ന് പുറത്തുകൊണ്ടുപോകാൻ കോടതി അനുവദിക്കാത്ത സാഹചര്യത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്.

ഇതിനകം മുപ്പതോളം ആളുകളുടെ മൊഴി രേഖപ്പെടുത്തിയതായി അടൂർ ഡിവൈ.എസ്.പി ജവഹർ ജനാർദ് പറഞ്ഞു.

അഖിൽ മരിച്ചോയെന്നറിയാൽ മൂക്കിൽ വെളളം ഒഴിക്കാനുപയോഗിച്ച ബക്കറ്റും മഗും പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന റബർ തോട്ടത്തിനോടു ചേർന്ന വീടിന്റെ തൊഴുത്തിൽ നിന്നാണ് ഇത് കിട്ടിയത്. പ്രതികളുടെ നീക്കം മനസിലാക്കാൻ അങ്ങാടിക്കൽ സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടങ്ങുന്ന ഹാർഡ് ഡിസ്ക് പൊലീസ് വാങ്ങിയിട്ടുണ്ട്. സ്കൂൾ മാനേജർ ഉദയനിൽ നിന്ന് മൊഴി ശേഖരിക്കുകയും ചെയ്തു.