പത്തനംതിട്ട : ജില്ലയിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾമൂലം ഗർഭകാല പരിശോധനകൾ യഥാസമയം നടത്താൻ സാധിക്കാത്തവർക്കായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രത്യേക പരിശോധനാ പരിപാടിയുടെ ഒന്നാംഘട്ടം അവസാനിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ.എൽ ഷീജ അറിയിച്ചു.
എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും നിശ്ചിത ദിവസങ്ങളിൽ ഗൈനക്കോളജിസ്റ്റുകൾ എത്തി ഗർഭിണികൾക്കുള്ള പ്രത്യേക ക്ലിനിക്കുകൾ സംഘടിപ്പിക്കുയായിരുന്നു. 55 ക്ലിനിക്കുകളിലായി 1090 പേർക്ക് സേവനം ലഭ്യമാക്കി. ഇതിൽ 273 പേർ അതിസങ്കീർണമായ അവസ്ഥയിലുള്ളവരായിരുന്നു. രണ്ടാംഘട്ടത്തിൽ സേവനം ആവശ്യമുള്ള സ്ഥലങ്ങൾ കണ്ടെത്തി വീണ്ടും ക്ലിനിക്കുകൾ സംഘടിപ്പിക്കും. ഗവൺമെന്റ് സ്ഥാപനങ്ങളിലെ ഡോക്ടർമാരെ കൂടാതെ സ്വകാര്യ ആശുപത്രികളിലെ 17 ഗൈനക്കോളജിസ്റ്റുകളും പരിശോധനയിൽ പങ്കെടുത്തു. ആർ.സി.എച്ച് ഓഫീസർ ഡോ.ആർ.സന്തോഷ്‌കുമാർ, എം.സി.എച്ച് ഓഫീസർ കെ.കെ. ഉഷാദേവി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.