പത്തനംതിട്ട : വയോജനങ്ങളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സുഖായുഷ്യം പദ്ധതിയുമായി ഭാരതീയ ചികിത്സാ വകുപ്പ്. ജില്ലയിലെ എല്ലാ ആയുർവേദ ഡിസ്‌പെൻസറികളിലും ആശുപത്രികളിലും പദ്ധതിയുടെ പ്രവർത്തനമുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം) ഡോ.ജി.വി ഷീല മേബിലറ്റ് അറിയിച്ചു.
കൊവിഡ് 19 വൈറസ് ബാധ ഉണ്ടാകാൻ കൂടുതൽ സാദ്ധ്യത വയോജനങ്ങൾക്ക് ആയതിനാലാണ് അവരുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനു പ്രാധാന്യം നൽകുന്നത്. 60 വയസിനു മുകളിൽ ഉള്ളവരെ പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള പദ്ധതിയാണു സുഖായുഷ്യം. പദ്ധതിയുടെ ഉദ്ഘാടനം വയലത്തല സർക്കാർ വൃദ്ധസദനത്തിൽ സാമൂഹികനീതി വകുപ്പ് ഓഫീസർ ജാഫർഖാന് ഔഷധ കിറ്റ് നൽകി വയോ അമൃത മെഡിക്കൽ ഓഫീസർ ഡോ.പാർവതി നിർവഹിച്ചു.