മല്ലപ്പള്ളി: കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലുണ്ടായിരുന്ന പാതകളെല്ലാം അടച്ചതോടുകൂടി ജനം ദുരിതത്തിലായി. ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകളിലുള്ളവർ റെഡ് സോണായി പ്രഖ്യാപിച്ച കോട്ടയം ജില്ലയിലെ മണിമല,വെള്ളാവൂർ,നെടുംകുന്നം,കറുകച്ചാൽ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കായി ഉപയോഗിച്ചിരുന്ന കുളത്തൂർമൂഴി,കടൂർക്കടവ് പാലങ്ങളും തേലപ്പുഴ, നൂലുവേലിക്കടവ് തൂക്കുപാലങ്ങളും ഇടവഴികളിലൂടെയുടെ യാത്രകളും നിയന്ത്രിച്ചതോടുകൂടിയാണ് സഞ്ചാര സ്വാതന്ത്രം നഷ്ടമായത്.പതിവായി ഉപയോഗിച്ചിരുന്ന പാതകളെല്ലാം അടയപ്പെട്ട ജനം മണിമലയാറിന് അക്കരെ കടക്കാൻ അനധികൃതമായ പലമാർഗങ്ങളും സ്വീകരിച്ചുതുടങ്ങി.ജില്ലാ കളക്ടറുടെയും പൊലീസ് മേധാവിയുടെയും നിർദ്ദേശപ്രകാരം നിർമ്മിച്ച ബാരിക്കേഡുകൾ പലയിടത്തും എടുത്തമാറ്റിയതായി ആക്ഷേപമുണ്ട്.ആനിക്കാട് പഞ്ചായത്ത് അതിർത്തിയിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് അറുത്തുമാറ്റിയതുമായി ബന്ധപ്പെട്ട് കീഴ്വായ്പ്പൂര് പൊലീസ് കേസെടുത്തിട്ടുണ്ട്.കർശന നിയന്ത്രണം പാലിക്കുവാൻ പൊലീസ്പിക്കറ്റിംഗ് ആവശ്യമാണെന്ന് പ്രദേശവാസികൾ പറയുന്നു.തമിഴ്‌നാട്,ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തുന്ന ചരക്കുവാഹനങ്ങളും ലഹരിവ്യാപാര ശ്യംഖലയുടെ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ അനധികൃത യാത്രകളും ഇതുവഴിയാണെന്ന് ആക്ഷേപമുണ്ട്.നെടുങ്ങാടപ്പള്ളി,നീലംപാറ ചെക്‌പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ടെങ്കിലും മറ്റിടങ്ങളിലെ നിയന്ത്രണം കാര്യക്ഷമമാക്കണമെന്ന ഒരുവിഭാഗം നാട്ടുകാരുടെ ആവശ്യം ശക്തമാണ്.