പത്തനംതിട്ട: കോന്നി നടുവത്തുമൂഴി റേഞ്ചിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന കൂറ്റൻ തേക്കുമരങ്ങൾ വെട്ടി കടത്തിയ സംഭവത്തിൽ അന്വേഷണം വഴിമുട്ടി. മരങ്ങൾ വെട്ടിയ തൊഴിലാളികളിൽ കുറ്റം ചുമത്തി തടികൾ മുറിച്ച് കടത്തിയവരെയും കൂട്ടുനിന്ന വനപാലകരെയും രക്ഷിക്കാൻ ഭരണകക്ഷികളുടെ പ്രമുഖനേതാക്കളും ജനപ്രതിനിധിയും അണിയറ നീക്കത്തിലാണ്. ഇതോടെ, പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാൻ കഴിയാതെ വട്ടംചുറ്റുകയാണ് നടുവത്തുമൂഴി റേഞ്ച് ഒാഫീസറുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം.
വെട്ടിക്കടത്തിയ തടികൾ കൊല്ലം ചന്ദനത്താേപ്പിൽ നിന്ന് കണ്ടെടുത്തിട്ടും പ്രതികളെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. തടി കടത്തിയ കോന്നി കൊക്കാത്തോട് ഒരേക്കർ സ്വദേശിയായ ഷമീർ എന്നയാളുടെ പേരിലുളള കെ.എൽ. 3 എ.സി 1571 എന്ന രജിസ്റ്റർ നമ്പരിലുളള പിക്കപ്പ് വാൻ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിലെ സൂത്രധാരനായ മധു എന്നയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തെങ്കിലും മൊഴിയെടുത്ത ശേഷം കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.
തെളിവുകൾ നശിപ്പിക്കുന്നതിന് ഭാഗമായി മുറിച്ച തേക്കുമരങ്ങളുടെ കുറ്റികൾ കത്തിച്ചു കളഞ്ഞു. വേനലിൽ കാട്ടുതീ പടർന്ന സമയത്താണ് വനംവകുപ്പിന്റെ നടുവത്തുമൂഴി റേഞ്ചിൽ പെട്ട കരിപ്പാൻതോട്, പാടം മാതൃകാ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് തേക്ക് മരങ്ങൾ മുറിച്ചു കടത്തിയത്. തടികൾ കഷണങ്ങളാക്കി പിക്കപ്പ് വാനിൽ റബർ തടികൾക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. നാല് തേക്ക് മരങ്ങൾ മുറിച്ചു കടത്തിയെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ, കേസെടുത്ത് പരിശോധന നടത്തിയപ്പോൾ ആറ് തേക്കുകൾ മുറിച്ചതായി കണ്ടെത്തി.
@ കൊള്ളയ്ക്ക് മാതൃകയായത് വനപാലകർ
നടുവത്തുമൂഴി റേഞ്ചിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിലുണ്ടായ കാട്ടുതീയുടെ മറവിൽ തേക്ക് തടി ആദ്യം മുറിച്ചു കടത്തിയത് ഒരു വനപാലകനാണ്. ഇയാൾ പന്തളത്ത് നിർമ്മിക്കുന്ന ഇരുനില വീടിന് ഇൗ തടി ഉപയോഗിച്ചതായാണ് സൂചന. എന്നാൽ, അന്വേഷണം ആ വഴിക്ക് നീങ്ങാൻ രാഷ്ട്രീയ ഇടപെടൽ തടസമായി. ഇയാളുടെ മാതൃക പിന്തുടർന്ന് കോന്നി സ്വദേശിയായ മറ്റൊരു വനപാലകനും തടി കടത്തി. വനപാലകർക്ക് വേണ്ടി തടി മുറിച്ചു കടത്തിയ പ്രദേശവാസികൾ ഇത് അവസരമാക്കി. അവർ ആറ് പേർ ചേർന്ന് തേക്ക് തടി മുറിച്ചു കടത്തി. ഒരു ജനപ്രതിനിധിയുടെ അടുപ്പക്കാരനായ സർവീസ് സംഘടന നേതാവാണ് തടി കടത്തിയ വനപാലകരെ സംരക്ഷിക്കാനുളള ചരടുവലികൾ നടത്തുന്നത്.
വനംകൊള്ള നടന്നത് ഫെബ്രുവരി ആദ്യം
കേസെടുത്തത് : മാർച്ച് 20ന്
@ സംഭവത്തിൽ വനപാലകർക്ക് പങ്ക്
കേസൊതുക്കാൻ ഭരണകക്ഷി നേതാക്കളും ജനപ്രതിനിധിയും