അടൂർ : രോഗം ബാധ ആയിരുന്നില്ല മനസ്സിനെ തളർത്തിയത്, മറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ഒരുകൂട്ടം ആളുകൾ നടത്തിയ കള്ളപ്രചാരണങ്ങളായിരുന്നു ആശുപത്രി കിടക്കയിൽ കിടന്നപ്പോഴും മനസ്സിനെ നീറ്റിയത്. കൊവിഡ് 19 ബാധിച്ചതിനെ തുടർന്ന് 37 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട അടൂർ കണ്ണംകോട് കാഞ്ഞിരവിളയിൽ വീട്ടിൽ മനോജ് (47) ഇതു പറയുമ്പോൾ ഏറെ ദു:ഖിതനാണ്. ആകെയുള്ള ആശ്വാസം ദുബായിൽവച്ച് രോഗം വരാതിരുന്നതും കേരളത്തിൽ മികച്ച പരിചരണം ലഭിച്ചതുമാണ്. രോഗത്തെ ചെറുക്കാൻ ആരോഗ്യപ്രവർത്തകർ കാട്ടിയ കരുതലിന് മുന്നിൽ ശിരസ് നമിക്കുകയാണ് ഇൗ യുവാവ് . ഫേസ് ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും നടത്തിയ പ്രചാരണങ്ങൾ തീർത്തും അടിസ്ഥാന രഹിതവും ജനങ്ങൾക്കിടയിൽ ഭീതിയുണ്ടാക്കാനായി കരുതികൂട്ടി നടത്തിയതുമായിരുന്നു.

യാഥാർത്ഥ്യം എന്തെന്ത് മനോജ് പറയുന്നു.

മാർച്ച് 21 ന് രാത്രി ദുബായ് എയർപോർട്ടിൽ നിന്ന് മറ്റേതോ രാജ്യത്തുനിന്ന് വന്ന എമിറൈറ്റ്സിന്റെ കണക്ടഡ് ഫ്ളൈറ്റിലാണ് പുറപ്പെട്ടത്. ബംഗളൂരിൽ പുലർച്ചെ രണ്ടരയ്ക്ക് എത്തി. അവിടെ നിന്ന് ട്രാൻസ്പോർട്ട് ബസിൽ ആകാശ് എന്ന ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് തിരികെ എയർപോർട്ടിൽ കൊണ്ടുവിട്ടത്. രോഗലക്ഷങ്ങൾ ഒന്നും ഇല്ലാത്തതിനാൽ 14 ദിവസം വീട്ടിൽ കർശന നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള നിർദ്ദേശവും കൈയ്യിൽ സീലും രേഖപ്പെടുത്തിയാണ് കേരളത്തിലേക്കുള്ള ഫ്ളൈറ്റിൽ കയറ്റിയത്. തിരുവനന്തപുരം വിമാനത്താവളത്തിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. അന്ന് ജനതാ കർഫ്യൂ ആയതിനാൽ വടക്കടത്തുകാവ് വഴിയാണ് കണ്ണംകോട്ടെ വീട്ടിൽ എത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർറുടെ നിർദ്ദേശ പ്രകാരം സ്വന്തം കാറിൽ 23 ന് അടൂർ ജനറൽ ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്കായി നൽകിയശേഷം അടൂരിലെ എസ്.ബി.ഐ യുടെ എ.ടി.എമ്മിൽ കയറിയശേഷം വീട്ടിലേക്ക് മടങ്ങി. 25 നാണ് പരിശോധനയിൽ നേരിയ കുഴപ്പമുണ്ടെന്നും വിദഗ്ദ്ധപരിശോധനയ്ക്കായി പത്തനംതിട്ടയിലേക്ക് പോകാൻ ആംബുലൻസ് വീട്ടിലെത്തുമെന്നും അറിയിച്ചത്. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. എന്നാൽ അടുത്ത ദിവസം സമൂഹ മാദ്ധ്യമങ്ങളിൽ പരന്നത് വിചത്രമായ കെട്ടുകഥകളായിരുന്നു. പറക്കോട് മാർക്കറ്റിലും ക്ഷേത്രത്തിലും കടകളിലും ഭാര്യാഗൃഹത്തിലുമൊക്കെയായി കറങ്ങി നടന്നുവെന്നും ആശുപത്രിയിൽ ബലപ്രയോഗത്തിലൂടെയാണ് സ്രവം പരിശോധനയ്ക്ക് എടുത്തതെന്നും ജീവനക്കാരോട് ധിക്കാരപരമായി പെരുമാറി എന്നുമൊക്കെ പ്രചാരണം ശക്തമായി. ഇത് മാനസികമായി വളരെ തളർത്തി.

37 ദിവസത്തെ ചികിത്സയിൽ കഴിയേണ്ടിവന്നെങ്കിലും മികച്ച പരിചരണമാണ് ലഭിച്ചത്. അടച്ചുപൂട്ടിയ മുറിയിലെ ഏകാന്തവാസം അവസാനിച്ചെങ്കിലും വീട്ടിൽ 14 ദിവസം കൂടി വീണ്ടും പ്രത്യേക നിരീക്ഷണം വേണം. എന്നാൽ ദ്രോഹനടപടികളുമായി ചിലർ ഇപ്പോഴുമുണ്ട്. ഇന്നലെ വീട്ടിൽ അമ്മയെ ഫോണിൽ വിളിച്ച് ഭയപ്പെടുത്തുന്ന രീതിയിൽ ആരോ സംസാരിച്ചതായി മനോജ് പറഞ്ഞുനിറുത്തി.