കലഞ്ഞൂർ: ഗ്രീൻ കോന്നി പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ എല്ലാ കുടുംബശ്രീ അംഗങ്ങളുടെ വീട്ടിലും അടുക്കള തോട്ടമൊരുക്കുന്ന പ്രവർത്തനത്തിന് തുടക്കമായി.കലഞ്ഞൂർ പഞ്ചായത്തിലെ 17ാം വാർഡിൽ വിജയ നിവാസിൽ ഷീലാ വിജയന്റെ വീടിനോടു ചേർന്ന് അടുക്കള തോട്ടത്തിനൊരുക്കിയ സ്ഥലത്ത് വിത്തിട്ട് കെ.യു.ജനീഷ് കുമാർ എം.എൽ.എ നിയോജക മണ്ഡലം തല ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്ന് നിയോജകമണ്ഡലത്തിലെ 11പഞ്ചായത്തുകളിലെയും കുടുംബശ്രീ അംഗങ്ങളുടെ വീടുകളിൽ അടുക്കളത്തോട്ടം ഉണ്ടാക്കും. പച്ചക്കറിവിത്തുകൾ കുടുംബശ്രീ വഴി വീടുകളിൽ നല്കും. ഇങ്ങനെ നടത്തുന്ന അടുക്കള തോട്ടകൃഷിയിൽ മികച്ചതിന് എം.എൽ.എയും, കുടുംബശ്രീ മിഷനും അവാർഡുകൾ നല്കും.എന്റെ കൃഷി,എന്റെ ആരോഗ്യം,ഒപ്പം നിങ്ങളുടേതും' എന്ന മുദ്രാവാക്യവും മുന്നോട്ടു വയ്ക്കുന്നുണ്ട്.
അടുക്കള തോട്ടകൃഷി കൂടാതെ,ഓഫീസ് സ്‌കൂൾവക സ്ഥലങ്ങളിലെ കൃഷി, തരിശുനില കൃഷി തുടങ്ങിയവയും നടത്തുന്നുണ്ട്.കൊവിഡ് വ്യാപനത്തെ തുടർന്ന് ഭക്ഷ്യക്ഷാമം ഉണ്ടാകുന്നത് തടയാൻ കാർഷിക മേഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഗ്രീൻ കോന്നി പദ്ധതിയിലൂടെ എം.എൽ.എ മുന്നോട്ടുവയ്ക്കുന്നത്.പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാർ,അംഗം സജീവ് റാവുത്തർ, കടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ കെ.വിധു, കെ.എച്ച്.സലീന, പഞ്ചായത്ത് സെക്രട്ടറി ടി.എസ്.സജീഷ്,സി.ഡി.എസ് ചെയർപേഴ്സൺ ഉഷാ മോഹൻ,കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർ ഋഷി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.