പത്തനംതിട്ട : ഒൻപത് മാസം ഗർഭിണിയായ യുവതിയെ മല്ലപ്പള്ളിയിൽ നിന്ന് കാസർകോടുള്ള വീട്ടിലെത്തിച്ച് ഫയർഫോഴ്സ് സംഘം. മല്ലപ്പള്ളി ജ്യൂസ് പാർലറിൽ ജോലി ചെയ്യുന്ന പുത്തൻപുരയിൽ മുദാസിർനെയും ഭാര്യ അർഫാന യേയും ആണ് ഫയർഫോഴ്സ് വീട്ടിലെത്തിച്ചത്. ഇവർ മല്ലപ്പള്ളിയിൽ വാടക വീട്ടിലായിരുന്നു താമസം. നാട്ടിലെത്താൻ തീരുമാനിച്ചപ്പോഴാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. നാട്ടിലെത്താൻ ആംബുലൻസ് ഡ്രൈവർമാരുടെ സഹായം തേടുകയായിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ പലരും ഒഴിവായി. ഒടുവിൽ പാലക്കാടുകാരനായ സുരേഷ് എന്ന ഡ്രൈവർ പാലക്കാട് ഫയർഫോഴ്സ് ഓഫീസർ അരുൺ ഭാസ്കറിനെ വിവരം അറിയിക്കുകയായിരുന്നു. അരുൺ പത്തനംതിട്ട ഫയർഫോഴ്സ് ഓഫീസർ വി.വിനോദ് കുമാറുമായി ബന്ധപ്പെട്ടതോടെ ഈ മിഷൻ ഏറ്റെടുക്കാൻ തീരുമാനിച്ചു. ആംബുലൻസിൽ യാത്രചെയ്യാനുള്ള ഡോക്ടറുടെ സാക്ഷ്യപത്രം, വാഹന പാസ്സ് എന്നിവ തയ്യാറായതോടെ ആംബുലൻസ് കാസർകോട്ടേക്ക് പുറപ്പെട്ടു. തിരുവല്ല ഫയർ സ്റ്റേഷൻ ജീവനക്കാരായ എച്ച്. പ്രശാന്ത്, എം.ജി ഷിജു മോൻ, എസ്.നിഥിൻ എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് സംഘം മല്ലപ്പള്ളിയിൽ നിന്ന് യാത്ര തിരിച്ചത്. കുറ്റിപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഇവർക്ക് ഭക്ഷണവും നോമ്പ് തുറക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു. മല്ലപ്പള്ളിയിൽ നിന്ന് 454 കിലോമീറ്റർ പിന്നിട്ട് പുലർച്ചെ രണ്ടിനാണ് ഇവർ വീട്ടിലെത്തിയത്. ഇതിനിടയ്ക്ക് ആംബുലൻസിൽ ഉള്ളവർക്ക് ആവശ്യമുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.
പ്രത്യേക ക്രമീകരണം
ആംബുലൻസ് കടന്നുപോയ പ്രധാന സ്ഥലങ്ങളിൽ ഐ.സി.യു ആംബുലൻസ് അടക്കം ഡ്രൈവർമാരുടെ സംഘടന ക്രമീകരിച്ചിരുന്നു. ഈ മിഷന് വേണ്ടി മാത്രം ഒരു ദിവസത്തേക്ക് വാട്സ് ആപ്പ് ഗ്രൂപ്പും തുടങ്ങി.