kuppannoor-puncha-survey
മൈനർ ഇറിഗേഷൻ ജീവനക്കാർ സർവ്വേ നടത്തുന്നു

പന്തളം: കുളനട പഞ്ചായത്തിലെ മാന്തുക ഒന്നാംവാർഡിലെ കുപ്പന്നൂർ പുഞ്ചക്ക് ശാപമോക്ഷം.മൈനർ ഇറിഗേഷൻ സമർപ്പിച്ച പദ്ധതിക്കാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തെ നിരന്തരമായ പരിശ്രമങ്ങൾക്കാണ് ഫലം കണ്ടത്.രണ്ട് കോടി 18ലക്ഷം രൂപ അനുവദിച്ചിരിക്കുന്ന പദ്ധതി റീബിൽഡ് കേരളയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.വിദഗ്ദ്ധ സമിതിയുടെ ശുപാർശ കാബിനറ്റ് അംഗീകരിച്ചു.ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രാരംഭപ്രവർത്തനം ആരംഭിച്ചു.ചാലിന്റെ ആഴംകൂട്ടി ബണ്ട് ഉയർത്തിബലപ്പെടുത്തി കെട്ടി സുരക്ഷിതമാക്കുന്നതോടൊപ്പം തോടുകൾ ആഴം കൂട്ടി സൈഡ് കെട്ടുകയും തോടുകളെയും ചാലിനെയും ബന്ധപ്പെടുത്തി പാതകളുടെ നിർമ്മാണം,തൊടുകൾക്ക് ഷട്ടർ എന്നിവയാണ് നവീകരണ പ്രവർത്തനങ്ങൾ.

ടൂറിസം സാദ്ധ്യതകൾ വികസിപ്പിയ്ക്കും


പദ്ധതി പൂർത്തിയാകുന്നതോടെ 35 വർഷമായി മുടങ്ങി കിടന്ന 70 ഏക്കറിലെ നെൽ കൃഷി പുന:രാരംഭിക്കും.ഒപ്പം ടൂറിസം സാദ്ധ്യതകളും വികസിപ്പിക്കുവാൻ സാധിക്കും.എം സി റോഡിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശവും, കുപ്പന്നൂർ വഴിയോര വിശ്രമ കേന്ദ്രവും ഇപ്പോൾ തന്നെ ജനങ്ങളെ ആകർഷിക്കുന്നു.പദ്ധതിയുടെ പൂർത്തീകരണത്തോടെ ഈ പ്രദേശം കൂടുതൽ മനോഹരമാകും.സഞ്ചാരികളെ ആകർഷിക്കാൻ ഉതകുന്ന സംവിധാനങ്ങൾ ഒരുക്കുവാൻ സാധിച്ചാൽ അത് പഞ്ചായത്തിന് വലിയ മുതൽകൂട്ടായ് മാറും.ഉള്ളന്നൂർ മലദേവർകുന്നിന്റെ അടിവാരത്തിൽ നിന്നും ആരംഭിച്ച് കുപ്പന്നൂർ പുഞ്ചയിലൂടെ ചാലിലെത്തി അവിടെ നിന്നും പുന്തല കക്കടയിൽ അച്ചൻകോവിലാറ്റിലെത്തുന്നതാണ് ചാൽ.ഇതിന്റെ രണ്ടു ഭാഗങ്ങളിലായി രണ്ട് ചീപ്പ്കൾ നിർമ്മിക്കുന്നതോടെ കൃഷിക്ക് ആവശ്യമുളളപ്പോൾ വെള്ളം എത്തിക്കുന്നതിനും അധികജലം ഒഴുക്കിവിടുന്നതിനും ഉതകും.ബണ്ട് ഉയർത്തി ഇരുവശവും കെട്ടി സംരക്ഷിക്കുന്നതോടെ കൃഷിക്കാവശ്യമായ കൊയ്ത്ത് മെതിയന്ത്രവും വാഹനങ്ങളിൽ വിത്തും വളവുമെല്ലാം എത്തിക്കുന്നതിനും കഴിയും.

നന്ദി അറിയിച്ചു

ഇതിന് വേണ്ട എല്ലാ സഹായവും ചെയ്ത ആറന്മുള എം.എൽ.എ വീണാജോർജ്ജിനും, കുളനട പഞ്ചായത്ത് ഭരണ സമിതിക്കും,പദ്ധതിക്ക് അംഗീകാരം നൽകിയ സർക്കാരിനും വാർഡ് വികസന സമിതിയുടെയും,വാർഡ് മെമ്പർ കെ.ആർ.ജയചന്ദ്രനും അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.

-2 കോടി 18 ലക്ഷം അനുവദിച്ചു

-35 വർഷമായിമുടങ്ങിക്കിടന്ന 70 ഏക്കറിലെ നെൽക്കൃഷി പുന:രാരംഭിക്കും

-വഴിയോര വിശ്രമ കേന്ദ്രവും ജനങ്ങളെ ആകർഷിക്കും

-