പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ എത്തുന്നവർക്ക് പനി ലക്ഷണങ്ങൾ ഉണ്ടോയെന്നറിയാൻ ഇന്നു മുതൽ പ്രാഥമിക പരിശോധന കേന്ദ്രം പ്രവർത്തനം തുടങ്ങും. പുതിയ ഗേറ്റിന് സമീപം ആശുപത്രി കോമ്പൗണ്ടിനുള്ളിലാണ് പ്രത്യേകം തയ്യാറാക്കിയ പരിശോധന കേന്ദം. ആശുപത്രിയിൽ ഏതാവശ്യത്തിന് വരുന്നവരും ആദ്യം ഇവിടെയെത്തണം. വ്യക്തി വിവരങ്ങൾ നൽകി പരിശോധനയ്ക്ക് വിധേയരാകണം. തെർമോമീറ്റർ ഉപയോഗിച്ച് ചൂടും പനിയുമുണ്ടോയെന്ന് പരിശോധിക്കും. പനി ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്രവങ്ങൾ ശേഖരിക്കും. രാവിലെ എട്ടു മുതൽ പ്രവർത്തിക്കുന്ന ഇവിടെ 2 ഡോക്ടർമാരും നഴ്‌സുമാരുമുണ്ടാകും. പരിശോധനയ്ക്ക് ശേഷം ഒ.പി. കൗണ്ടറിലേക്കും മറ്റ് ആവശ്യങ്ങൾക്കും പോകാം.