വിദ്യാർത്ഥികൾക്കായി ഹരിതകേരളം മിഷന്റെ പദ്ധതി

പത്തനംതിട്ട: കൊവിഡിനെ അതിജീവിച്ച് മുന്നേറാൻ 'മനോഹരിതം' കാമ്പയിനുമായി ഹരിതകേരളം മിഷൻ. ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് എന്ന ലക്ഷ്യത്തിനായി 'മൈ ഹോം ക്ലീൻ ഹോം' ചലഞ്ച്, ഒരു കോടി ഫലവൃക്ഷത്തൈകളുടെ ഉത്പാദനം, തുരത്താം കൊവിഡിനെ വിതയ്ക്കാം ഈ മണ്ണിൽ, മഴക്കുഴി നിർമാണം എന്നിവയാണ് നാല് പ്രവർത്തനങ്ങൾ. സ്‌കൂൾ, കോളജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

1. 'മൈ ഹോം ക്ലീൻ ഹോം'

ഇൗ ചലഞ്ചിൽ വീടിന് സ്റ്റാർ റേറ്റിംഗ് നൽകും. സ്വന്തം വീടിന്റെ വൃത്തിയും വെടിപ്പും സ്വയം വിലയിരുത്താനുള്ള അവസരമാണിത്. വീടുകളിലെ മാലിന്യ പരിപാലന മാർഗങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും സ്വയം വിലയിരുത്തി മാർക്ക് ഇടുകയുമാണ് ചെയ്യേണ്ടത്. വീടുകളിൽ ഉത്പാദിപ്പിക്കുന്ന ജൈവ - അജൈവ മാലിന്യം, ഇ വേസ്റ്റ്, വസ്ത്രങ്ങൾ, പേപ്പർ, ചില്ലുകുപ്പി, ബാഗ്, ചെരുപ്പ് എന്നിവയുടെ നിർമാർജനം വിലയിരുത്തി സ്റ്റാർ റേറ്റിംഗ് നൽകും. മാലിന്യ സംസ്‌കരണ രീതികൾ ഫൈവ് സ്റ്റാർ ഗ്രേഡിംഗിനുള്ള സൂചകങ്ങൾ പരിശോധിച്ച് ഫേസ് ബുക്ക് പേജിൽ എഴുതി സ്വയം മാർക്ക് നൽകണം. ആകെ 100 മാർക്കാണ് ഉള്ളത്. ചിത്രങ്ങൾ സ്വന്തം ഫേസ് ബുക്ക് അക്കൗണ്ടിൽ 'മൈ ഹോം ക്ലീൻ ഹോം' എന്ന ഹാഷ് ടാഗിൽ പോസ്റ്റ് ചെയ്യണം. വീട് ഏത് ഗ്രേഡിലാണെന്ന് ഹരിതകേരളം മിഷൻ അറിയിക്കും. ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിക്കുന്ന 100 പേർക്ക് സമ്മാനം നൽകും. ഗ്രേഡിംഗിനുള്ള സൂചകങ്ങൾ ഹരിതകേരളം ഫേ സ്ബുക്ക് പേജിൽ ലഭ്യമാണ്. മേയ് ഏഴു വരെയാണ് ചലഞ്ച്.

2. ഒരു കോടി ഫലവൃക്ഷത്തൈകൾ


ജൂൺ അഞ്ച് ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഒരുകോടി വൃക്ഷത്തൈകൾ നടും. ജൂൺ നാലു വരെ അദ്ധ്യാപകർ മുൻകൈയെടുത്ത് ഒരു വിദ്യാർത്ഥിയെക്കൊണ്ട് 10 ഫവലൃക്ഷത്തൈകൾ ഉത്പാദിപ്പിക്കും. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, കോളേജ് വിഭാഗങ്ങളിൽ കൂടുതൽ തൈകൾ ഉത്പാദിപ്പിക്കുന്ന സ്‌കൂൾ/കോളജിനും വിദ്യാർത്ഥിക്കും സമ്മാനം നൽകും. തൈകളുടെ വളർച്ചയെ കാണിക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യണം.

3. മഴക്കുഴി

കുട്ടികളെക്കൊണ്ട് ചെറിയ മഴക്കുഴികൾ നിർമിക്കാം. സ്ഥലസൗകര്യവും മണ്ണിന്റെ ഘടനയും അനുസരിച്ച് പുരയിടങ്ങളിലും കൃഷിസ്ഥലങ്ങളിലും കുഴികളുണ്ടാക്കാം. തെങ്ങ് ഉൾപ്പെടെയുള്ള വൃക്ഷങ്ങൾക്ക് തടം ഒരുക്കുന്ന ചിത്രങ്ങളും ഉൾപ്പെടുത്താം. ഫലവൃക്ഷത്തൈകളുടെയും മഴക്കുഴിയുടെയും തടം ഒരുക്കുന്നതിന്റെയും ചിത്രങ്ങൾ മനോഹരിതം ഹാഷ് ടാഗിൽ പോസ്റ്റ് ചെയ്യാം. വിശദവിവരങ്ങൾ ഹരിതകേരളം മിഷൻ ഫേസ് ബുക്ക് പേജിൽ ലഭ്യമാണ്.


4. വിതയ്ക്കാം ഈ മണ്ണിൽ

ലോക് ഡൗൺ കാലത്ത് വീടുകളിൽ ചെയ്ത കൃഷിയുടെ ചിത്രങ്ങൾ 'തുരത്താം കോവിഡിനെ, വിതയ്ക്കാം ഈ മണ്ണിൽ' എന്ന ഹാഷ് ടാഗിൽ പോസ്റ്റ് ചെയ്യാം. കൃഷി, മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ, ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്താം. ജില്ലാതലത്തിൽ സമ്മാനം നൽകും.