ഇലവുംതിട്ട : ഊന്നുകൽ വലിയമുറിയിൽ പുത്തൻവീട്ടിൽ ദിയ ദിലീപെന്ന പത്ത് വയസുകാരി പെരുത്ത സന്തോഷത്തിലാണ്. തിരുവനന്തപുരം ആർ.സി.സി-യിൽ നിന്നും ജീവൻ രക്ഷാമരുന്ന് സ്‌നേഹത്തിൽ പൊതിഞ്ഞ് പൊലീസ് മാമൻ കൊണ്ട് വന്നപ്പോൾ പോലീസിനോടുള്ള ഭയം മാറിയെന്ന് മാത്രമല്ല, കൊച്ചു മിടുക്കിക്ക് പൊലീസിനോട് ഇപ്പോൾ പെരുത്ത ഇഷ്ടം. രണ്ടര വർഷമായി ബ്ലഡ് കാൻസർ വന്ന് ആർ.സി.സി-യിലെ ചികിത്സയാണ്. നിത്യവും കഴിക്കുന്ന മരുന്ന് തീർന്നു. ലോക് ഡൗണിൽ ഭയാശങ്ക നിറഞ്ഞ മനസുമായാണ് പിതാവ് ദിലീപ് ഇലവുംതിട്ട ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ അൻവർ ഷായെ വിളിക്കുന്നത്. ആദ്യമേ തന്നെ ഭയപ്പെടേണ്ട മരുന്നെത്തിച്ച് തരാം എന്ന് സമാധാനിപ്പിച്ച ശേഷം ആർ.സി.സി-യിലും തിരുവനന്തപുരം സിറ്റി വനിതാ സ്റ്റേഷനിലെ സി.പി.ഒ രജി രാഘവനെയും ബന്ധപ്പെട്ടു. ആർ.സി.സി-യിലെത്തി രജി രാഘവൻ മരുന്ന് വാങ്ങി. തുടർന്ന് ഹൈവേ അലർട്ട് കൺട്രോൾ സംവിധാനത്തിലൂടെ എത്തിച്ച ജീവൻ രക്ഷാ മരുന്ന് വീട്ടിലെത്തി പിതാവ് ദിലീപിന് ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ,ആർ പ്രശാന്ത് എന്നിവർ ചേർന്ന് കൈമാറി.