പത്തനംതിട്ട: തേക്ക് മരങ്ങളുടെ വളർച്ചയെ തളർത്തുന്ന പുഴുക്കൾ വ്യാപകമാകുന്നു. ഇലകൾ തിന്ന് മരങ്ങളുടെ വളർച്ച വൈകിപ്പിക്കുകയാണ് പുഴുക്കൾ. തളിരണിഞ്ഞ ഇലകളുടെ അടിഭാഗത്ത് മുട്ടയിട്ട് തിന്നു തീർക്കുന്ന പുഴുക്കൾ മരങ്ങളെ അസ്ഥികൂടങ്ങളാക്കുന്നു. ഇലകളിൽ ശേഷിക്കുന്ന ഞരമ്പുകൾ പൊഴിഞ്ഞ് വീഴുന്നതാണ് മരങ്ങളുടെ വളർച്ചയ്ക്ക് തടസമാകുന്നത്. തോട്ടങ്ങളിലാണ് ഇത് പടരുന്നത്. വിലയിടിവ് കാരണം കർഷകരിൽ പലരും റബർ മരങ്ങൾ വെട്ടിക്കളഞ്ഞ് വിപണത്തിനായി തേക്കുകൾ വച്ച് പിടിപ്പിച്ചിട്ടുണ്ട്.
ഏപ്രിൽ, മെയ് മാസങ്ങളിലാണ് മരങ്ങളെ പുഴുക്കൾ കീഴടക്കുന്നത്. സ്കെലിറ്റനൈസിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്.
ഹിബ്ലയ പ്യൂറ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഷഡ്പദം തേക്കിലയുടെ അടിഭാഗങ്ങളിൽ മുട്ടയിട്ട് വിരിഞ്ഞുണ്ടാകുന്ന പുഴുക്കളാണ് ഇലകൾ ഭക്ഷിച്ചു തീർത്ത് ഞരമ്പുകൾ മാത്രം അവശേഷിപ്പിക്കുന്നതെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ വനംവകുപ്പ് മുൻ ഉദ്യോഗസ്ഥൻ ചിറ്റാർ ആനന്ദൻ പറഞ്ഞു. ഒരു പെൺ ശലഭം സാധാരണ 500 - 600 മുട്ടകൾ വരെയിടും. ഇവ രണ്ടു ദിവസങ്ങൾക്കുള്ളിൽ വിരിഞ്ഞു പുഴുക്കളാകും. ഇലകൾ തിന്നു തീരുന്ന മുറയ്ക്ക് പുഴുക്കൾ ഭൂമിയിലേക്ക് അവ നിർമ്മിക്കുന്ന നൂലിലൂടെ ഇറങ്ങി കുറ്റിച്ചെടികളിൽ പ്യൂപ്പങ്ങളായി പറ്റിയിരിക്കും. ഒരാഴ്ചക്കുശേഷം മൂടി പൊട്ടിച്ചു പുറത്തു വരുന്ന ശലഭങ്ങൾ ഇണചേർന്ന് രണ്ടു മൂന്ന് ദിവസങ്ങൾക്കുള്ളിൽ മുട്ടയിടും. പകൽ പതിയിരിക്കുന്ന ശലഭങ്ങൾ രാത്രിയോടെ ഉയർന്നു പറന്ന് ഇലകളിൽ കയറിക്കൂടും.
.....................
വലിയ മരങ്ങളുടെ ഇലകളിൽ കടന്നുകൂടുന്ന പുഴുക്കളെ അകറ്റാൻ ശാസ്ത്രീയ മാർഗങ്ങൾ കണ്ടെത്തിയിട്ടില്ല.
'' തേക്ക് തോട്ടങ്ങൾക്കിടയ്ക്ക് പക്ഷികളെ ആകർഷിക്കുന്ന ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചാൽ പുഴുക്കളെ പ്രതിരോധിക്കാം. പക്ഷികൾ കൂട്ടമായെത്തി പുഴുക്കളെ തിന്നുതീർക്കും.
ചിറ്റാർ ആനന്ദൻ, വനംവകുപ്പ് മുൻ ഉദ്യോഗസ്ഥൻ.