veedu-ratheesh-kumar
തിരുവൻവണ്ടൂർ നന്നാട് പുത്തൻചിറയിൽ കെ.കെ രതീഷ് കുമാറിന്റെ വീടിന്റെ മുകളിലേക്ക് പ്ലാവ് വീണ് വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്ന നിലയിൽ

ചെങ്ങന്നൂർ: ശക്തമായ മഴയിലും കാറ്റിലും പാണ്ടനാട്,തിരുവൻവണ്ടൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. ഞായറാഴ്ച വൈകിട്ടുണ്ടായ മഴയിലും കാറ്റിലുമാണ് പ്രദേശത്ത് വ്യാപക നാശം വിതച്ചത്.തിരുവൻവണ്ടൂർ പഞ്ചായത്തിൽ മാത്രം 7വീടുകൾ തകർന്നു. തിരുവൻവണ്ടൂർ പഞ്ചായത്ത് നാലാം വാർഡിൽ ഉണ്യാ പള്ളത്ത് പത്മാകരന്റെ വീടിനു മുകളിൽ പ്ലാവ് വീണ് രണ്ട് മുറികൾ തകർന്നു.തിരുവൻവണ്ടൂർ : ഇലവുംപറമ്പിൽ ഇ.എ. ജോയിയുടെ വീടിനു മുകളിലേയ്ക്ക് മരംവീണ് രണ്ട് മുറികളുടെ മേൽക്കൂരകൾ ഭാഗികമായി തകർന്നു.നന്നാട് പുത്തൻചിറയിൽ കെ.കെ രതീഷ് കുമാറിന്റെ വീടിന്റെ മുകളിലേക്ക്മരംവീണ് വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു.250ഓളം ഏത്തവാഴയും ശക്തമായ കാറ്റിൽ ഒടിഞ്ഞു വീണു.നാലാം വാർഡിൽ ഞാഴപ്പള്ളിൽ (ബാബു സദനം) ബാബുകുട്ടന്റെ വീടിനു മുകളിൽ മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണ് വീടിന്റെ മേൽക്കൂര തകർന്നു.നന്നാട് മുറിയിൽ ചിറയ്ക്കകത്ത് വിശ്വനാഥന്റെ വീടിനു മുകളിൽ മരംവീണ് വീടിന്റെ അടുക്കള പൂർണമായും തകർന്നു.നന്നാട്,ചേക്കോട്ടിൽ ദിവാകരന്റെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു.നന്നാട്,ചേക്കോട്ടിൽ ഭാസ്‌കരന്റെ വീടിനു മുകളിൽ മരംവീണ് അടുക്കളയും ശുചിമുറിയും തകർന്നു.തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലെ ആർച്ച് കാറ്റിൽ നിലംപൊത്തി.

വൈദ്യുതി ബന്ധം തകർന്നു

വിവിധ പ്രദേശങ്ങളിൽ കാർഷിക വിളകൾക്കും നാശം.കല്ലിശേരി ഇലക്ട്രിക്കൽ സെക്ഷനിലെ 25 ഓളം ഇലക്ട്രിക്കൽ പോസ്റ്റുകളും,ഏഴ് 11കെ.വിലൈൻ പോകുന്ന വലിപോസ്റ്റുകളും കഴിഞ്ഞ രാത്രി മരങ്ങൾ വീണു. കല്ലിശേരി,പാണ്ടനാട്,തിരുവൻവണ്ടൂർ,കുറ്റൂർ, ചെങ്ങന്നൂർ നഗരസഭയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് മരം വീണ് പോസ്റ്റുകൾ തകർന്നത്.60 സ്ഥലങ്ങളിൽ വൈദ്യുതകമ്പി പൊട്ടുകയും,40ഓളം സ്ഥലങ്ങളിൽ പോസ്റ്റിൽ മരം വീഴുകയും ചെയ്തിട്ടുണ്ട്.


13 വാർ‌ഡുകളിൽ വൈദ്യുതി തകരാർ


പാണ്ടനാട് വെസ്റ്റ് തുരുത്തിക്കാട്ടിൽ രതികുമാരിയുടെ വീടിന്റെ മേൽക്കൂര തകർന്ന് 16 ആസ്ബറ്റോസ് ഷീറ്റും നഷ്ടപ്പെട്ടു,25 ഓളം വാഴ ഒടിഞ്ഞു വീണു.പാറുവേലിൽ അശോകന്റെ വീടിന്റെ മുകളിലെ 8 ആസ്ബറ്റോസ് ഷീറ്റുകൾ തകർന്നു.ഇല്ലിമല പാലത്തിന്റെ വടക്കുഭാഗത്ത് മരങ്ങൾ ഒടിഞ്ഞ് ഇലക്ട്രിക് ലൈനിന്റെ മുകളിൽ വീണ് ലൈൻ പൊട്ടുകയും വൈദ്യുതി ബന്ധം തകരാറിലായി.മുറിയന്തറ ഭാഗത്ത് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു.പാണ്ടനാട് പഞ്ചായത്തിലെ 13വാർഡുകളിലെയും വൈദ്യുതി ബന്ധം തകരാറിലായി.വ്യാപകമായി വാഴകൃഷിക്കാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചത്.