പത്തംതിട്ട: ഗുരുതരരോഗം ബാധിച്ചവർക്ക് ജീവൻരക്ഷാ മരുന്നുകൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ സംസ്ഥാന സർക്കാർ ലഭ്യമാക്കും.
ജില്ലയിൽ ഡയാലിസിസിന് വിധേയരായവർക്ക് ആവശ്യമായ മരുന്നുകൾ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് വാങ്ങി നൽകും. മരുന്നുകൾ ആവശ്യമുള്ളവർ ജില്ലാ ആശുപത്രിയിൽ പേര് രജിസ്റ്റർ ചെയ്യണം. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള അർബുദ രോഗികൾക്ക് ജില്ലാ ആശുപത്രിയിൽ നിന്നുതന്നെ ചികിത്സയും മരുന്നും ലഭ്യമാക്കും. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നിർദ്ധനർക്കും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് ചികിത്സയും മരുന്നും ലഭ്യമാക്കും. അവയവം മാറ്റിവച്ചവർക്കായുള്ള ചികിത്സാ സഹായം ഗ്രാമപഞ്ചായത്തുകൾ ആരോഗ്യ സ്ഥാപനങ്ങൾ മുഖേന നൽകും. ഇതിനായി ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതം ഉപയോഗിക്കും.
നിർദ്ധനരായ ഇതര രോഗികൾക്ക് ആവശ്യമായ ചികിത്സാ സഹായം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്ന് നൽകും. അതത് മെഡിക്കൽ ഓഫീസർമാർ ഫണ്ട് ചെലവഴിക്കുന്നത് സംബന്ധിച്ച് ഈ മാസം 11ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കത്ത് നൽകണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 12 ന് അടിയന്തരയോഗം ചേർന്ന് ഇതിനാവശ്യമായ ഫണ്ട് അതത് മെഡിക്കൽ ഓഫീസർമാർക്ക് നൽകണമെന്നും കളക്ടർ നിർദേശിച്ചു.
അവലോകന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ.എൽ ഷീജ, എൻ.എച്ച്.എം ഡി.പി.എം: ഡോ.എബി സുഷൻ, ഡി.ഡി.പി:എസ്.സൈമ തുടങ്ങിയവർ പങ്കെടുത്തു.