പത്തനംതിട്ട : നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് അയക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ ഒരുങ്ങുകയാണ്.

അന്യസംസ്ഥാന തൊഴിലാളികളുടെ എല്ലാ ക്യാമ്പുകളിലും അവർക്കായി ഒരുക്കിയിട്ടുള്ള ബസ്, ട്രെയിൻ എന്നിവയുടെ വിവരം കൃത്യമായി അസിസ്റ്റന്റ് ലേബർ ഓഫീസർമാരും തഹസീൽദാർമാരും തൊഴിലാളികളെ അറിയിക്കും. ഏതെല്ലാം ബസ് ഏതെല്ലാം സ്ഥലത്തെത്തുമെന്നു സമയം ഉൾപ്പെടെ എല്ലാ ക്യാമ്പിലും വിവരം ലഭിക്കും. ട്രെയിൻ പുറപ്പെടുന്നതിന് തലേദിവസം അതിഥി തൊഴിലാളികളെ ആവശ്യമായ മെഡിക്കൽ സംഘത്തെ നിയോഗിച്ച് സ്‌ക്രീനിംഗ് നടത്തുകയും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. മടങ്ങിപോകാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾക്കായി താലൂക്ക് തലത്തിലും റെയിൽവേ സ്റ്റേഷനിലും ഹെൽപ്പ് ഡെസ്‌ക്കുകൾ തയ്യാറാക്കും.
ഒരു ബസിൽ 30 പേർക്കാകും യാത്രാനുമതി. ഓരോ സംസ്ഥാനത്തിലേക്കും ട്രെയിനുകൾ ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തിലാകും ക്രമീകരണങ്ങൾ ഒരുക്കുക. ഇവരുടെ മടക്കയാത്രയ്ക്കു പൊലീസ് സേവനവും ഉറപ്പാക്കും. മടങ്ങിപോകുന്ന അതിഥി സംസ്ഥാന തൊഴിലാളികൾക്കായി മാസ്‌ക്ക്, ശാരീരിക അകലം, സാനിറ്റൈസർ എന്നിവയ്ക്ക് ക്രമീകരണങ്ങൾ ജില്ലാ ലേബർ ഓഫീസർ ഒരുക്കണം. ഭക്ഷണവുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ അതോറിറ്റി ആവശ്യമായ ക്രമീകരണങ്ങൾ ആവശ്യമെങ്കിൽ ഒരുക്കും. ബസുകൾ കെ.എസ്.ആർ.ടി.സി ഡി.ടി.ഒ ഉറപ്പാക്കണം. കെ.എസ്.ആർ.ടി.സി ബസുകൾ അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ ഫയർഫോഴ്സ് നിർവഹിക്കും.

മടങ്ങിപോകുന്ന തൊഴിലാളികൾ ട്രെയിൻ ചാർജ് തലേദിവസം വില്ലേജ് ഓഫീസർമാർക്കു കൈമാറണം. ട്രെയിൻ ചാർജ് അടയ്ക്കുകയും മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചതുമായ തൊഴിലാളികളെ മാത്രമേ യാത്രയ്ക്ക് അനുവദിക്കൂ.

പത്തനംതിട്ട ജില്ലയിൽ

അന്യസംസ്ഥാന തൊഴിലാളികൾ : 16,066

നാട്ടിലേക്ക് മടങ്ങുന്നവർ : 9,300

കൂടുതൽ പേർ മടങ്ങുന്നത് അടൂർ താലൂക്കിൽ നിന്ന്: 2584 പേർ.

കൂടുതൽ പേർ മടങ്ങുന്നത് പശ്ചിമ ബംഗാളിലേക്ക് : 6665

യാത്രയ്ക്കുള്ള ആക്ഷൻ പ്ലാൻ തഹസീൽദാർമാരും അസിസ്റ്റന്റ് ലേബർ ഓഫീസർമാരും ചേർന്നാണു തയ്യാറാക്കുന്നതും ക്രമീകരണങ്ങൾ വിലയിരുത്തുന്നതും.

പി.ബി നൂഹ് ,

ജില്ലാ കളക്ടർ