vehicle
ഇന്നലെ രാവിലെ അടൂർ നെല്ലിമൂട്ടിൽപടിയിൽ രൂപംകൊണ്ട വാഹനങ്ങളുടെ നീണ്ടനിര

അടൂർ: മൂന്നാംഘട്ട ലോക്ഡൗണിൽ നൽകിയ ചില അയവുകളുടെ മറവിൽ ഇന്നലെ നഗരത്തിലേക്ക് വാഹനങ്ങളുടെ കുത്തൊഴുക്ക്. ഇതോടെ പരിശോധനാ സംവിധാനങ്ങളും താളംതെറ്റി. അതേ സമയം വ്യാപാര സ്ഥാപനങ്ങൾ പലതും തുറന്നില്ല. തുറന്ന ഇടങ്ങളിൽ തിരക്കും കുറവായിരുന്നു. ബാങ്കുകളിലാണ് ഏറെ തിരക്ക് അനുഭവപ്പെട്ടത്. നിരത്തുകളിൽ നൂറ് കണക്കിന് വാഹനങ്ങളാണ് നിയന്ത്രണങ്ങൾ ലംഘിച്ച് ഇറങ്ങിയത്. ഇതോടെ വാഹന പരിശോധന ഇന്നലെ രാവിലെ പൊലീസ് കർശനമാക്കി. നിരവധി വാഹനങ്ങൾക്കെതിരേ കേസ് എടുക്കാനും പൊലീസ് നിർബന്ധിതരായി .അടൂർ സ്റ്റേഷൻ അതിർത്തിയിൽ 38 വാഹനങ്ങൾക്കെതിരേ കേസ് എടുത്തു. ഇരട്ടയക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങൾക്ക് പുറമേ സത്യവാംങ്മൂലം ഇല്ലാതെയും വെട്ടിത്തിരിത്തിയും, നിസ്സാരകാര്യങ്ങളുടെ പേരിലും വാഹനവുമായി നിരത്തിലിറങ്ങിയതിനാണ് കേസ്. പരിശോധന ശക്തമാക്കിയതോടെ കെ.എസ്. ആർ.ടി.സി കോർണറിലേയും എം. സി റോഡിൽ നെല്ലിമൂട്ടിൽപടിയിലേയും പരിശോധന സ്ഥലത്ത് വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷമായി. ആശുപത്രി, മെഡിക്കൽ സ്റ്റോർ, ബാങ്ക്, അവശ്യസാധനങ്ങൾ തുടങ്ങി ഓരോ കാരണങ്ങൾ നിരത്തിയാണ് ജനം കൂട്ടത്തോടെ തെരുവിൽ ഇറങ്ങിയത്. മാസ്ക്ക് ഉപയോഗിക്കാതെ നിരത്തിലിറങ്ങിയ പത്ത് പേർക്കെതിരേയും അടൂർ പൊലീസ് കേസ് എടുത്തു. ഏനാത്ത് പൊലീസ് 20 ഓളം വാഹനങ്ങൾക്കെതിരേ കേസ് എടുത്തു. ഏനാത്ത് പൊലീസ് കൊല്ലം ജില്ലാ അതിർത്തിയായ കെ. പി റോഡിലെ പുതുവലിൽ കർശന വാഹന പരിശോധനയാണ് നടത്തുന്നത്. ഏനാത്തുനിന്നും മെതുകുമ്മേൽവഴി പത്തനാപുരത്തേക്കുള്ള പാത ജില്ലാഭരണകൂടം അടച്ചതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. അടൂർ - ശാസ്താംകോട്ട പാതയിൽ ഏഴാംമൈലിലും കർശന പരിശോധന തുടരുകയാണ്.ഏനാത്ത് ചെറിയ തുണിക്കടകൾ ഉൾപ്പെടെ തുറന്നെങ്കിലും തിരക്ക് തീരെ കുറവായിരുന്നു. വിലക്ക് ലംഘിച്ചിറങ്ങുന്ന വാഹനങ്ങൾക്കെതിരേ പൊലീസ് കടുത്ത നിടപടികളിലേക്ക് തിരിഞ്ഞതോടെ വാഹനങ്ങളുടെ എണ്ണത്തിൽ ഉച്ചയോടെ കുറവുണ്ടായി. ഗ്രാമീണ മേഖലകളിലും കടകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചു.