nadakam

പത്തനംതിട്ട: ലോക്ക് ഡൗൺ കാലം സർഗാത്മകമാക്കാൻ ഒാൺലൈൻ കുടുംബനാടകങ്ങളുമായി നാടക കലാകാരൻമാരുടെ സംഘടനയായ നാടക്. നാടകാഭിരുചിയുളളവർ മൊബൈലിൽ ചിത്രീകരിച്ച അഞ്ച് മിനിട്ട് ദൈർഘ്യമുളള ഏഴ് നാടകങ്ങളാണ് സമാഹരിച്ചത്. കുടുംബങ്ങൾക്കായി നടത്തിയ ജില്ലയിലെ ആദ്യ ഓൺലൈൻ നാടക മൽസരത്തിൽ കൊവിഡ് 19 പ്രമേയമാക്കി രഞ്ജിത് കുളനട സംവിധാനം ചെയ്ത 'അമ്മ ഒരോർമ്മ' മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത്തും മകൾ മിഥിലയുമാണ് കഥാപാത്രങ്ങളായത്. രഞ്ജിത്തിന്റെ ഭാര്യ ശരണ്യ ക്യാമറയും അനുജൻ അഭിജിത്ത്,സുഹൃത്ത് സോമൻ കുളനട എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചു.

മിമിക്രി കലാകാരനും അഭിനേതാവുമാണ് രഞ്ജിത് കുളനട. ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ മിഥിലയുമൊത്ത് അച്ഛൻ രഞ്ജിത്ത് നിരവധി ആൽബങ്ങളും വീഡിയോകളും ചെയ്തിട്ടുണ്ട്. ലഭിച്ച നാടകങ്ങൾ നാടകിന്റെ ഫേസ്ബുക്ക് പേജിൽ സംപ്രേഷണം ചെയ്യും. ഏപ്രിൽ 20 മുതൽ 28വരെ ഒാൺലൈനായി ലഭിച്ച നാടകങ്ങളാണ് മത്സരത്തിന് തിരഞ്ഞെടുത്തത്. എല്ലാം കുടുംബാംഗങ്ങൾ രചനയും സംവിധാനവും അഭിനയവും നിർവഹിച്ച നാടകങ്ങളാണ്.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കിയ ശേഷം നടക്കുന്ന ചടങ്ങിൽ മികച്ച നാടകത്തിനുളള മൂവായിരത്തൊന്ന് രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ സമർപ്പിക്കുമെന്ന് പ്രസിഡൻ്റ് മനോജ് സുനിയും സെക്രട്ടറി പ്രിയരാജ് ഭരതനും അറിയിച്ചു.

നാടക രചനകളും ഗദ്യകവിതകളും സമാഹരിച്ച് 'തീയറ്റർ കമ്മ്യൂണിറ്റി' എന്ന സമാഹാരം തയ്യാറാക്കി വരികയാണ് നാടക്. എം.മുകുന്ദൻ, സച്ചിദാനന്ദൻ, ബെന്യാമിൻ തുടങ്ങിയവരുടെ സൃഷ്ടികളുമുണ്ടാകും.

മുഖ്യമന്ത്രിയുട‌െ ദുരിതാശ്വാസ നിധിയിലേക്ക് നാടക് മൂന്നര ലക്ഷം രൂപ നൽകി.