കടമ്പനാട് : ഭക്ഷ്യസുരക്ഷാ അതോറിറ്റി ആവിഷ്കരിച്ച ഓപ്പറേഷൻ സാഗര റാണി പദ്ധതി നിലച്ചതോടെ വിപണിയിൽ വീണ്ടും മായം കലർന്ന മത്സ്യം എത്തി. കഴിഞ്ഞ ദിവസം മണ്ണടി മുടിപ്പുര ചന്തയിൽ നിന്ന് നിലമേൽ സ്വദേശി അനിൽകുമാർ വാങ്ങിയ ചൂര മീൻ മുറിച്ചപ്പോൾ പഴുവരിച്ചു മാംസം അടർന്നു വീഴുന്ന നിലയിലായിരുന്നു. പ്രതിഷേധവുമായി മത്സ്യവുമായി ഇദ്ദേഹം ചന്തയിലെത്തിയപ്പോഴേക്കും കച്ചവടക്കാരൻ കടന്നുകളഞ്ഞു. കഴിഞ്ഞ 5 ന് പാകിസ്ഥാൻ മുക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന മത്സ്യ മൊത്ത വ്യാപാരിയിൽ നിന്ന് 1375 കിലോഗ്രാം അഴുകിയ മത്സ്യമാണ് ഫുഡ് സേഫ്റ്റി അധികൃതരും ആരോഗ്യ വകുപ്പും പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ പിടിച്ചെടുത്ത് നശിപ്പിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്ത രാസവസ്തുക്കൾ തളിച്ച മത്സ്യവിൽപ്പനയ്ക്കെതിരെ സ്പെഷ്യൽ ഗ്രാമസഭ വിളിച്ചു ചേർത്ത് തീരുമാനമെടുപ്പിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ