@ ഇന്നലെയെത്തിയ എട്ട് പേർ നിരീക്ഷണത്തിൽ
പത്തനംതിട്ട: ലോക്ക് ഡൗൺ കാലയളവിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് മടങ്ങിയെത്തുന്നവരെ വീടുകളിൽ നിരീക്ഷണത്തിലാക്കിത്തുടങ്ങി. ഇന്നലെ എട്ടുപേരെ ക്വാറന്റൈനിലാക്കി. നാലുപേരുടെ സ്രവ സാമ്പിളുകൾ പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ എന്തെങ്കിലും പ്രകടിപ്പിക്കുന്നവരെ മാത്രമാണ് അതാത് ദിവസം തന്നെ സ്രവസാമ്പിളുകൾ എടുക്കാൻ നിർദേശിക്കുന്നത്. മറ്റുള്ളവരെ അഞ്ചുദിവസം നിരീക്ഷിച്ചശേഷം പരിശോധനയ്ക്ക് വിധേയരാക്കും.
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ മൂന്നുപേരെകൂടി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. നിലവിൽ ആറുപേർ വിവിധ ആശുപത്രികളിലുണ്ട്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിയുന്ന ആറന്മുള എരുമക്കാട് സ്വദേശിയുടെ പരിശോധനാഫലം ഇന്നലെ പോസിറ്റീവായാണ് ലഭിച്ചത്. ബ്രിട്ടനിൽ നിന്നെത്തി കഴിഞ്ഞ മാർച്ച് 25ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ പരിശോധനാഫലം വെള്ളിയാഴ്ച നെഗറ്റീവായി മാറിയിരുന്നു. രണ്ടാമത്തെ ഫലത്തിനുവേണ്ടി കാത്തിരിക്കുന്നതിനിടെയാണ് വീണ്ടും പോസിറ്റീവായത്.
ജില്ലയിൽ പോസിറ്റീവായി കണ്ടെത്തിയ കേസുകളുടെ അഞ്ചു പ്രൈമറി കോൺടാക്ടുകളും നാലു സെക്കൻഡറി കോൺടാക്ടുകളും വീടുകളിൽ നിരീക്ഷണത്തിലാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 128 പേർ നിലവിൽ നിരീക്ഷണത്തിലാണ്.
ജില്ലയിൽ നിന്ന് ഇന്നലെ 100 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയിൽ നിന്നും 4212 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ഇന്നലെ 90 സാമ്പിളുകളുടെ ഫലം നെഗറ്റീവായി റിപ്പോർട്ട് ചെയ്തു. 177 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
@ ഇളവുകൾ ഏറി, നിരത്തുകൾ നിറഞ്ഞ് വാഹനങ്ങൾ
പത്തനംതിട്ട: ഓറഞ്ച് മേഖലയിലായ പത്തനംതിട്ടയിൽ ഇന്നലെ മുതൽ ലോക്ക് ഡൗൺ ഇളവുകൾ ഏറിയതോടെ നിരത്തുകളിൽ വാഹനങ്ങളുടെ തിരക്കും വർദ്ധിച്ചു. വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും ഇന്നലെ മുതൽ കൂടുതലായി പ്രവർത്തിച്ചു തുടങ്ങിയിരുന്നു.
ടൗണുകളിൽ പൊലീസ് പരിശോധനയുടെ പേരിൽ വാഹനങ്ങൾ തടഞ്ഞതോടെ തിരക്കും വർദ്ധിച്ചു. വ്യാപാരസ്ഥാപനങ്ങൾ തുറന്നിരുന്നെങ്കിലും തിരക്ക് കുറവാണ്. ഗ്രാമീണ മേഖലയിൽ മിക്കവാറും എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്നു. ടൗൺ മേഖലയിൽ ജ്വല്ലറികൾ, ടെക്‌സറ്റൈയിൽ ഷോറൂമുകൾ തുടങ്ങിയവ അടഞ്ഞു കിടക്കുകയാണ്.