community-kitchen

തിരുവല്ല: ഡോക്ടർമാരുടെ സേവനങ്ങൾ കൊവിഡ് കാലത്ത് രാജ്യാന്തരതലത്തിൽത്തന്നെ പ്രശംസ നേടുമ്പോൾ സമൂഹ അടുക്കളയിലെ സേവനം രണ്ട് ദന്തഡോക്ടർമാരെ വ്യത്യസ്തരാക്കുന്നു. ഇന്ത്യൻ ഡന്റൽ അസോസിയേഷൻ അംഗങ്ങളും വിവിധ സംഘടനകളിൽ പ്രവർത്തകരുമായ ഡോ. സജി കുര്യനും ഡോ. സജി ചെറിയാനുമാണ് അദർ ഡ്യൂട്ടിയിലൂടെ സമൂഹ അടുക്കളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സമൂഹ അടുക്കളയിലാണ് പാചകത്തിനും സഹായത്തിനും സാധനങ്ങൾ സമാഹരിക്കുന്നതിലും ഉൾപ്പെടെ രണ്ട് ഡോക്ടർമാരും സേവന സന്നദ്ധരാകുന്നത്.

സമൂഹ അടുക്കളയിലെ വൃത്തിയുടെ കാര്യത്തിൽ ഇരുവർക്കും വിട്ടുവീഴ്ചയില്ല. പാചകം ചെയ്യുന്നതിന് തൊപ്പിയും ഗ്ളൗസും മാസ്കും മറ്റ് സംവിധാനങ്ങളും നിർബന്ധമാക്കുക മാത്രമല്ല. അവർതന്നെ അത് ലഭ്യമാക്കുകയും ചെയ്തു. പൊതികെട്ടുന്ന സമയത്തു പോലും മാസ്കും ഗ്ളൗസും നിർബന്ധമാണ്. എം.ബി.ബി.എസ് ഡോക്ടർക്കൂടിയായ തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയലും വീണ ജോർജ്ജ് എം.എൽ.എയും ഇവിടുത്തെ സമൂഹ അടുക്കള സന്ദർശിച്ചപ്പോൾ വൃത്തിയുടെ കാര്യത്തിൽ പ്രശംസിച്ചിരുന്നു.

ഡോ.സജി കുര്യൻ

വള്ളംകുളത്ത് ഫാമിലി ഡെന്റൽ കെയർ എന്ന സ്ഥാപനം നടത്തുകയാണ്. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി, ഹോപ് ചാരിറ്റബിൾ സൊസൈറ്റി എന്നിവയിൽ അംഗവും നിരവധി സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളുമാണ്. കഴിഞ്ഞ പ്രളയകാലത്തും സേവന പ്രവർത്തനങ്ങളിൽ ഇവർ സജീവമായിരുന്നു.

ഡോ.സജി ചെറിയാൻ

ഇരവിപേരൂരിൽ സീയോൺ ഡന്റൽ ഇംപ്ലാൻ്റ് എന്ന സ്ഥാപനം നടത്തുന്നു. മലങ്കര കാത്തലിക് യൂത്ത്മൂവ്മെന്റിന്റെ സേവന പ്രവർത്തനങ്ങളിലും സജീവ പങ്കാളിയാണ്. സമൂഹ അടുക്കളയിലേക്ക് ഉപയോഗിക്കാനായി ലഭിച്ച അഞ്ഞൂറോളം നാളികേരം പൊതിച്ചത് ഒരു സർജ്ജിക്കൽ ഓപ്പറേഷൻ പോലെ ഡോക്ടർ ഒറ്റക്ക് പൂർത്തിയാക്കി. കൂടാതെ സാധനങ്ങൾ സൂക്ഷിക്കാനായി സ്വന്തം ക്ളിനിക്കും തുറന്നു നൽകി. ‍