തിരുവല്ല: കൊവിഡ് ഭീഷണി നേരിടുന്ന ഗൾഫ് രാജ്യങ്ങളിലെ ഇൻഡ്യക്കാരെ അടിയന്തരമായി തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ രാഷ്ട്രപതിക്ക് കത്തയച്ചു. ലക്ഷക്കണക്കിന് പ്രവാസികൾ കൊവിഡ് ഭീഷണിയും തൊഴിൽ നഷ്ടപ്പെട്ടതുമൂലം കേരളത്തിലേക്ക് തിരികെ വരുന്നതിനായി നോർക്ക മുഖാന്തിരം രജിസ്‌ട്രേഷൻ നടത്തിയിട്ടുണ്ട്. മതിയായ ചികിത്സ സൗകര്യങ്ങളോ സുരക്ഷയോ ഉറപ്പില്ലാത്തതിനാലാണ് ഇവർ തിരികെ വരാൻ ആഗ്രഹിക്കുന്നത്. ഗർഭിണികളും വിസ കാലാവധി കഴിഞ്ഞവരും സന്ദർശക വിസയിൽ പോയിട്ടുള്ളവരാണെന്നും അതാത് രാജ്യങ്ങളിലെ ലോക്ക് ഡൗൺ കഴിയുന്നതോടെ അവിടെ നിന്നും പോരുന്നതിന് ഇക്കൂട്ടർ നിർബന്ധിതരാകും. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് നാട്ടിലെത്താൻ ആഗ്രഹിക്കുന്നവരെ കൊണ്ടുവരാൻ യാത്രാക്കപ്പലുകളും വിമാനങ്ങളും ഏർപ്പെടുത്താൻ തീരുമാനം കൈക്കൊള്ളണമെന്നും പി.ജെ.കുര്യൻ കത്തിൽ ആവശ്യപ്പെടുന്നു.