കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി കോന്നി -പ്ലാച്ചേരി ഭാഗത്തെ റോഡ് അലൈൻമെന്റ് സർവേ പൂർത്തിയാക്കി നിർമ്മാണം തുടങ്ങി. പ്ളാച്ചേരി ഭാഗത്തുനിന്നുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുന്നത്. കെ.എസ്.ടി.പി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി ലോകബാങ്ക് സഹായത്തോടെയാണ് റോഡ് വികസിപ്പിക്കുന്നത്.യന്ത്ര സഹായത്തോടെ കാട് തെളിയ്ക്കുന്നതിനും നടപടികൾ തുടങ്ങിയിട്ടുണ്ട്.പൊൻകുന്നം മുതൽ മൂവാറ്റുപുഴ വരെയുള്ള ഭാഗം നേരത്തെ പി.പി.പി മാതൃകയിൽ നിർമ്മിച്ചിരുന്നു.പെരുമ്പാവൂർ ആസ്ഥാനമായ കമ്പനിയ്ക്കാണ് നിർമ്മാണ ചുമതല.
പ്രൊക്യൂർമെന്റ് കൺസ്ട്രക്ഷൻ രീതിയിൽ നിർമ്മിക്കുന്ന ആദ്യ റോഡ്
സംസ്ഥാനത്ത് പ്രൊക്യൂർമെന്റ് കൺസ്ട്രക്ഷൻ രീതിയിൽ നിർമ്മിക്കുന്ന ആദ്യ റോഡാണിത്. പൊൻകുന്നം മുതൽ പുനലൂർ വരെയുള്ള 82.11കിലോമീറ്റർ റോഡ് വികസനമാണ് കെ.എസ്.ടി.പി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് ടെണ്ടർ ചെയ്തത്. 737.64കോടി രൂപയാണ് അടങ്കൽ തുക.ഇതിൽ കോന്നി മുതൽ പ്ലാച്ചേരിവരെ 30.16 കിലോമീറ്ററിന് 274.24 കോടിരൂപയും പുനലൂർമുതൽ കോന്നിവരെയുള്ള 29.84 കിലോമീറ്ററിന് 226.61 കോടി രൂപയുമാണ് അടങ്കൽ.
14 മീറ്റർ വീതിയിൽ റോഡ് വികസനം
റോഡിന് 14മീറ്റർ വീതിയുണ്ടാകും.10മീറ്ററിൽ ടാറിംഗ് നടത്തും.ഇതിന്റെ ഇരുവശങ്ങളും രണ്ട് മീറ്റർ വീതിയിൽ നടപ്പാതനിർമ്മിക്കും.28കവലകളും പ്രധാന ടൗണുകളും നവീകരിക്കും.114 കലിങ്കുകൾ വികസിപ്പിക്കാനും മൂന്ന് ചെറിയ പാലങ്ങൾ നിർമ്മിക്കാനും പദ്ധതിയുണ്ട്.
വികസിപ്പിക്കുന്ന പ്രധാന സ്ഥലങ്ങൾ
കോന്നി,ചിറ്റൂർ മുക്ക്,മല്ലശേരി മുക്ക്,കുമ്പഴ വടക്ക്,മൈലപ്ര,മണ്ണാറക്കുളഞ്ഞി,ഉതിമൂട്,മന്ദിരം പടി, കുത്തുകല്ലുംപടി,ബ്‌ളോക്കുപടി,ട്രഷറിപ്പടി,തോട്ടമൺകാവ്,റാന്നി പെരുമ്പുഴ ബസ് സ്റ്റാന്റ്,മാമുക്ക്, ഇട്ടിയപ്പാറ,ചെത്തോങ്കര,മന്ദമരുതി,മക്കപ്പുഴ തുടങ്ങിയ 28 ജംഗ്ഷനുകളും ടൗണുകളുമാണ് വികസിപ്പിക്കുന്നത്.ടൗണുകളിൽ 6.5കിലോമീറ്റർ ദൂരത്തിൽ നടപ്പാതയും കൈവരിക്കും സ്ഥാപിക്കും.
പുനലൂർ -മൂവാറ്റുപുഴ സംസ്ഥാനപാതയുടെ കോന്നി മുതൽ പ്ളാച്ചേരി വരെയുള്ള ഭാഗത്തെ പണികൾ സമയബന്ധിതമായി പൂർത്തീകരിക്കും.ലോക്ഡൗണാണ് പ്രതിസന്ധികൾ സൃഷ്ടിച്ചത്.പ്രത്യേക അനുമതി വാങ്ങിയാണ് ഇപ്പോൾ പണികൾ തുടങ്ങിയിരിക്കുന്നത്.
കെ.യു. ജനീഷ് കുമാർ
(എം.എൽ.എ)
82.11 കിലോമീറ്റർ റോഡ് വികസനം
737.64 കോടിരൂപ അടങ്കൽ തുക
114 കലിങ്കുകൾ വികസിപ്പിക്കും
28 ജംഗ്ഷനുകളും ടൗണുകളും നവീകരിക്കും
റോഡിന് 14 മീറ്റർ വീതി