അടൂർ : കൊവിഡ് 19 രോഗവ്യാപനം ഉണ്ടാകാതിരിക്കാനും അനാവശ്യ സന്ദർശകരെ ഒഴിവാക്കുന്നതിനും അടൂർ ജനറൽ ആശുപത്രിയിൽ ഇന്നുമുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും സുരക്ഷിതത്ത്വം ഉറപ്പാക്കുന്നതിനൊപ്പം തിരക്ക് ഒഴിവാക്കുന്നതിനാണ് സേഫ് സോൺ പദ്ധതി നടപ്പാക്കുന്നത്. ഇന്നുമുതൽ ആശുപത്രിയിലെ പ്രധാന കവാടം അടച്ച് സെക്യൂരിറ്റി ജീവനക്കാരുടെ നിയന്ത്രണത്തിലാക്കും. എമർജൻസി ആംബുലൻസും അത്യാഹിത വിഭാഗത്തിലേക്ക് രോഗികളുമായി വരുന്ന വാഹനങ്ങളും മാത്രമേ കത്തിവിടു. രോഗികൾ ആശുപത്രിയുടെ പടിഞ്ഞാറുഭാഗത്ത് എസ്.എൻ മെഡിക്കൽ സ്റ്റോറിന്റെ ഭാഗത്തുകൂടി വേണം ആശുപത്രി വളപ്പിൽ കയറാൻ.
ഒ.പി വിഭാഗത്തിന് മുന്നിൽ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല. രോഗികളുടെ കാത്തിരിപ്പ് ഒഴിവാക്കാൻ ഡോക്ടർമാർ ഒരേ സമയം വാർഡുകളിൽ റൗണ്ട്സിന് പോകുന്നത് ഒഴിവാക്കി ഒാരോ വിഭാഗത്തിലേയും ഡോക്ടർമാർ റൗണ്ട്സ് നടത്തുന്നതിന് സമയക്രമീകരണം ഏർപ്പെടുത്തി. ഒ.പി വിഭാഗത്തിലെ നിയന്ത്രണങ്ങൾ ഫലപ്രദമാക്കാൻ ഫ്ളോർ മാനേജരുടെ സേവനവും ഉറപ്പാക്കി.ഒരു രോഗിക്ക് ഒരു സഹായി എന്നത് മാത്രമായും ചുരുക്കി ആളുകളെ നിയന്ത്രിക്കും
മറ്റ് നിയന്ത്രണങ്ങൾ ഇങ്ങനെ
1. ആശുപത്രി വളപ്പിൽ രോഗികൾക്ക് സുരക്ഷിത അകലം പാലിച്ച് ഇരിക്കുന്നതിനായി പഴയ അത്യാഹിതവിഭാഗത്തിന് മുന്നിൽ 60 കസേരകൾ ക്രമീകരിച്ചു.
2. രോഗത്തിന്റെ സ്വഭാവം അനുസരിച്ച് നാലു സോണുകളായി തിരിച്ചാണ് രോഗികളെ ഇരുത്തുക.
3. ഒ.പി വിഭാഗത്തിന് മുന്നിൽ ഒരേ സമയം ആറിൽ കൂടുതൽ പേരെ നിറുത്തുകയില്ല. ഇവർ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്നത് അനുസരിച്ച് കാത്തിരിക്കുന്നവരെ ഒന്നൊന്നായി അകത്തേക്ക് കടത്തിവിടും.
4. പരസഹായം ആവശ്യമില്ലാത്ത 20 നും 60 നും ഇടയിൽ പ്രായമുള്ള രോഗികൾ സ്വയം ഡോക്ടറെ കണ്ട് പരിശോധനയ്ക്ക് വിധേയമകണം.
5.ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങുന്നവർ നിശ്ചിത അകലം പാലിക്കുന്നതിനായി അടയാളപ്പെടുത്തിയ സ്ഥാനങ്ങളിൽ നിൽക്കണം.
6. ആശുപത്രിയിലെ കിടപ്പുരോഗികളെ
സന്ദർശിക്കാൻ ആരെയും അനുവദിക്കില്ല.
7. രക്തപരിശോധനയ്ക്ക് എത്തുന്നവർ ലാബിന് മുന്നിലെ കിളിവാതിലിലൂടെ കൈമാത്രം അകത്തേക്ക് കടത്തി നൽകണം. രോഗിയും ലാബ് ടെക്നീഷ്യനും തമ്മിൽ പരസ്പരബന്ധം ഉണ്ടാകില്ല.
പൊതുജനത്തിന്റെ പൂർണ സഹകരണമാണ് ആവശ്യം. നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയല്ല, ആരോഗ്യം സുരക്ഷിതമാക്കുന്നതിലാകണം രോഗികൾക്കും ശ്രദ്ധവേണ്ടത്.
ഡോ. പ്രശാന്ത്,
ആശുപത്രി സൂപ്രണ്ട് ഇൻ - ചാർജ്ജ്