അടൂർ : കെ.എസ്.ടി.പി പദ്ധതിവഴി വികസിപ്പിക്കുന്ന പുനലൂർ - മൂവാറ്റുപുഴ റോഡിന്റെ കോന്നി മുതൽ പുനലൂർ വരെയുള്ള 30 കിലോമീറ്റർ പാതയുടെ നിർമ്മാണത്തിൽ അനിശ്ചിതത്വം നീങ്ങാൻ സർക്കാർ നിലപാട് നിർണായകമാകും. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തുവന്ന ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിലാണിത്. റോഡിന്റെ നിർമ്മാണത്തിനായി ക്ഷണിച്ച ടെൻഡറിൽ കുറഞ്ഞ തുക ക്വോട്ട് ചെയ്തത് ചെറിയാൻ വർക്കി,ആർ.ഡി.എസ് എന്നീ കമ്പിനികൾ ചേർന്നാണ് ടെണ്ടറിൽ പങ്കെടുത്തത്.എന്നാൽ പാലാരിവട്ടംപാലത്തിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ആർ.ഡി.എസ് കമ്പിനിക്ക് വർക്ക് നൽകാനാകില്ലെന്ന നിലപാടാണ് കെ.എസ്.ടി.പി സ്വീകരിച്ചത്. ഇതിനെ തുടർന്ന് വർക്ക് എഗ്രിമെന്റ് വെയ്ക്കാനാകാതെ അനിശ്ചിതമായി നീളുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ആദ്യം ചെറിയാൻ വർക്കി കമ്പിനിയും തൊട്ടുപിന്നാലെ ആർ.ഡി.എസ്കമ്പിനിയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഇതിൻമേൽ വാദം കെട്ട കോടതി ആർ.ഡി.എസ് കമ്പിനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് ചോദിച്ച കോടതി ഉണ്ടെങ്കിൽ വർക്ക് അടിയന്തരമായി റീ ടെൻഡർ ചെയ്യണമെന്നും അല്ലെങ്കിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിക്ക് കരാർ നൽകണമെന്നുമാണ് വിധി പുറപ്പെടുവിച്ചത്.ആർ.ഡി.എസ് കമ്പനിയെ സംബന്ധിച്ച് പരാതി ഉയർന്നിട്ടുള്ളത് പ്രധാനമായും പാലാരിവട്ടം പാലത്തിന്റെ നിർമ്മാണത്തിലാണ്. ഇതാണ് കെ.എസ്.ടി.പി യുടെ മെല്ലെപോക്കിനും താൽപ്പര്യമില്ലായ്മയ്ക്കും ഇടയാക്കിയത്.കരിമ്പട്ടികയിൽ ഉൾപ്പെടുത്താത്തതിനാൽ കോടതി ഉത്തരവ് വഴി നിർമ്മാണ കരാർ ഇവർക്ക് തന്നെ നൽകേണ്ടിവരും. പ്രത്യേകിച്ചും സംയുക്ത കമ്പിനികളിൽ ഒന്നായ ചെറിയാൻ വർക്കി കമ്പിനിയെ സംബന്ധിച്ച് മറ്റ് പരാതികൾ ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ. ഇത് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്.സമയബന്ധിതമായി തീർക്കേണ്ട ലോകബാങ്ക് പദ്ധതിയായതിനാൽ ഇത് സംബന്ധിച്ച് വേഗത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരും നിർബന്ധിതരാകും.

കോടതി ഉത്തരവിന്റെ പകർപ്പ് കിട്ടിയാൽ ഉടൻ ഇത് സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന സർക്കാരിന് നൽകും. സർക്കാരിന്റെ തീരുമാനത്തിന് അനുസരിച്ചാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

ചീഫ് എൻജിനീയർ,

(കെ.എസ്. ടി. പി)