06-vijayakumar
വിജയകുമാർ

അടൂർ: ലോക്ക് ഡൗൺ ആയതോടെ ആഹാരവും,തൊഴിലും, തലചായിക്കുവാനിടമില്ലാതെ തെരുവിൽ അകപ്പെട്ടവരെ സഹായിക്കുവാൻ ചിറ്റയം ഗോപകുമാർ എം.എൽ.എ യും,അടൂർ ഡി.വൈ.എസ്.പി ജവഹർ ജനാർദ്ദും നേതൃത്വം കൊടുത്ത് അടൂർ കരുവാറ്റ എൽ.പി സ്​കൂളിൽ നിന്നും ആരംഭിച്ച അഗതി ക്യാമ്പിലെ അംഗമായിരുന്നു കൊല്ലം പുത്തൂർ വെണ്ടാർ മുല്ലശ്ശേരിൽ വീട്ടിൽ വിജയകുമാർ (63) ക്യാമ്പ് നിറുത്തിയതോടെ പോകാനിടമില്ലാത്ത അവസ്ഥയിലായി.പൊലീസും ജനമൈത്രി യൂത്ത് ക്ലബ് പ്രവർത്തകരും മദർ തെരേസ പാലിയേറ്റീവ് കെയറും ചേർന്ന് ക്യാമ്പിലുണ്ടായിരുന്നവരുടെ വീടുകൾ കണ്ടെത്തി തിരികെ ഏല്പ്പിക്കുകയും, ചിലർക്ക് ജോലി തരപ്പെടുത്തി കൊടുക്കുകയും ഒരാൾക്ക് വീട് നിർമ്മിച്ച് നല്കുയും ചെയ്തിരുന്നു.ഇതോടെ രോഗാതുരനായ വിജയൻ മാത്രം ക്യാമ്പിൽ ബാക്കിയായി.അവസ്ഥ മനസിലാക്കിയ എം.എൽ.എയും,ഡി.വൈ.എസ്.പിയും ഇടപ്പെട്ട് ഇദ്ദേഹത്തെ മഹാത്മ ജനസേവനകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പ്രവാസിയായിരുന്ന വിജയകുമാർ തന്റെ ഓഹരിയായ 80 സെന്റ് സ്ഥലവും വീടും വിറ്റാണ് മകളെ വിവാഹം ചെയ്ത് അയച്ചത്.മകൻ വിദേശത്ത് ജോലിയിലാണ്.വീട് വിറ്റതോടെ പുത്തൂർ തെക്കും ചേരിയിലെ ഭാര്യവീട്ടിലേക്ക് താമസം മാറുകയുംചെയ്തു.പ്രവാസ ജീവിതം മതിയാക്കി വന്ന തന്നോട് ഭാര്യ കാണിച്ച അവഗണനയിൽ മനം നൊന്താണ് താൻ വീട് വിട്ടതെന്നും വിജയകുമാർ പറയുന്നു.രണ്ടു വർഷം ഒരു കോൺട്രാക്ടറുടെ കൂടെ കൂലിവേല ചെയ്തു ഉപജീവനം നടത്തി.രോഗാതുരരനായതോടെ ജോലി ചെയ്യാൻ കഴിയാതെയായി.വിശപ്പകറ്റാൻ ഓച്ചിറയിലെത്തി ഭിക്ഷാടനം തുടങ്ങി.അടൂരിലെത്തിയതോടെ ലോക്ക് ഡൗണിൽ കുടുങ്ങുകയും ചെയ്തു.തെരുവിലകപ്പെട്ട ഇയാളെ പൊലീസാണ് ക്യാമ്പിലെത്തിച്ചത്.തന്റെ ഗതികേട് ഒരുപ്രവാസിക്കും വരരുതെന്നും,ഇനി താൻ ഭിക്ഷാടനം ചെയ്യില്ലെന്നും,തനിക്ക് ആരോടും ഒരു പരാതിയുമില്ലെന്നും ആരോഗ്യം വീണ്ടെടുത്താൽ തൊഴിൽ ചെയ്ത് പ്രയാസപ്പെടുന്നവരെ സഹായിച്ചു ജീവിക്കുവാനാണ് ആഗ്രഹിക്കുന്നതെന്നും മഹാത്മയിൽ അധികൃതരോട് പറഞ്ഞു.ലോക്ക്ഡൗണിന് ശേഷം ഇയാളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുവാൻ ശ്രമിക്കുമെന്ന് മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.