പന്തളം: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് മരിച്ച അഖിൽ.എസ്.കുമാറിന്റെ സംസ്‌കാര ചടങ്ങിൽ സഹോദരി അഞ്ജന.എസ്.കുമാറിന് പങ്കെടുക്കാൻ സാധിച്ചത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ മൂലം. ബാംഗ്ലൂരിൽ സ്വകാര്യ കോളേജിൽ മൈക്രോ ബയോളജി വിദ്യാർത്ഥിയായ അഞ്ജനയ്ക്ക് സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി മുത്തങ്ങാ വഴി കേരളത്തിലേക്കെത്താൻ കർണ്ണാടക സർക്കാർ അനുമതി നൽകിയിരുന്നു.
എന്നാൽ മുത്തങ്ങയിൽ നിന്ന് സ്വദേശമായ കുളനടയിലേക്ക് വരാൻ വാഹന സൗകര്യം ലഭ്യമായില്ല. ഇൗ വിവരം പഞ്ചായത്തംഗം ശശികലാ സുരേഷ്, പ്രാദേശിക കോൺഗ്രസ് നേതാക്കളായ സുരേഷ് പാണിൽ, എം.എൻ.സുധീർ എന്നിവർ ഡി.സി.സി ജന.സെക്രട്ടറി എൻ.സി മനോജിനെ അറിയിച്ചു. തുടർന്ന് മനോജ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫോണിൽ വിളിച്ച് വിഷയം ശ്രദ്ധയിൽപ്പെടുത്തി. ഉമ്മൻചാണ്ടി വയനാട് ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഇ വിനയനുമായി ബന്ധപ്പെട്ട് വാഹനം ഏർപ്പാടാക്കി.
15 ദിവസം ക്വാറന്റയിനിൽ കഴിയണം എന്നതിനാൽ ഡ്രൈവർമാർ ആരും ആദ്യം യാത്രയ്ക്ക് തയാറായിരുന്നില്ല.
നാലിന് രാവിലെ 10ന് മുത്തങ്ങ ചെക്ക് പോസ്റ്റിൽ കേരളത്തിലേക്ക് വരാനുള്ള പാസ് ലഭിക്കുന്നതിന് സാങ്കേതിക തടസം നേരിട്ടപ്പോൾ ജില്ലാ കളക്ടർ പി.ബി നൂഹിനെ വിളിച്ച് ഉമ്മൻ ചാണ്ടി കാര്യങ്ങൾ ബോധിപ്പിച്ചു. തുടർന്ന് വൈകിട്ട് 4 മണിയോടെ യാത്രാഅനുമതി ലഭിച്ചു. അഖിലിന്റെ സംസ്‌കാരം ഇന്നലെ വീട്ടുവളപ്പിൽ നടന്നു. പിതാവ് ശശികുമാർ ദുബായിലാണ്. അനിലാ മോളാണ് മാതാവ്.