അടൂർ: കാലിന്റെ വൈകല്യം കാരണം റോഡിലൂടെ നിരങ്ങി നീങ്ങി ഭിക്ഷാടനം നടത്തുന്ന സുരേന്ദ്രനും കൊവിഡിനെ പ്രതിരോധിക്കാൻ മാസ്ക് ധരിച്ചു. അടൂർ ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ബീറ്റ് ഒാഫീസർമാരായ അനുരാഗ് മുരളീധരനും ഫിറോസ് കെ. മനോജുമാണ് മാസ്ക് നൽകിയത്. ഇന്നലെ എം. ജി റോഡിലൂടെ ഭിക്ഷാടനത്തിനായി നിരങ്ങി നീങ്ങിയ തനിക്ക് മുന്നിൽ പൊലീസുകാർ ബൈക്കിൽ എത്തിയപ്പോൾ സുരേന്ദ്രൻ ആദ്യം ഭയന്നു. ചായകുടിക്കാൻ പണമില്ലാത്തതിനാൽ ഭിക്ഷാടനത്തിന് ഇറങ്ങിയതാണെന്ന് തൊഴുകൈകളോടെ പറഞ്ഞു. മുഖാവരണമില്ലാതെ ഇനി മുതൽ യാത്ര ചെയ്യരുതെന്നും മറിച്ചായാൽ പിഴ ഇൗടാക്കുന്ന നിയമമുണ്ടെന്നും പൊലീസുകാർ പറഞ്ഞു മനസിലാക്കി. മാസ്ക് മുഖത്ത് കെട്ടിനൽകുകയും ചെയ്തു. . കുറച്ച് മാസ്ക് സൗജന്യമായും നൽകി. ബാർബറായിരുന്ന പന്നിവിഴ മന്നത്തുംവിളയിൽ സുരേന്ദ്രനെ അഞ്ജാതവാഹനം ഇടിച്ചാണ് ഒരുകാൽ തകർന്നത്. . മറ്റേ കാലിനും ബലക്ഷയമുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉൾപ്പടെ ചികിത്സ നടത്തിയെങ്കിലും ഫലമില്ലായിരുന്നു. തുടർന്നാണ് ഭിക്ഷയ്ക്കിറങ്ങിയത്. ലോക്ക്ഡൗണോടെ അതും നിലച്ചു. കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം എത്തിച്ചുനൽകിയിരുന്നു. അതിന്റെ പ്രവർത്തനം നിലച്ചതോടെയാണ് വീണ്ടും ഭിക്ഷാടനത്തിന് ഇറങ്ങിയത്.