പത്തനംതിട്ട : ലോക്ക് ഡൗണിന്റെ മറവിൽ ചാരായം വാറ്റുന്നതും, പച്ചമണ്ണും, ക്രഷർ ഉത്പന്നങ്ങളും മറ്റും കടത്തുന്നതും കർശനമായി തടയുന്നതിനുള്ള റെയ്ഡുകൾ തുടരുന്നതായി ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ അറിയിച്ചു.
മതിയായ രേഖകളോ അനുമതിപത്രമോ ഇല്ലാതെ ക്രഷർ ഉത്പന്നങ്ങളും മെറ്റലും മറ്റും കടത്തിയതിന് പത്തനംതിട്ട, കോന്നി ഭാഗങ്ങളിൽ നിന്ന് ഒൻപതു വാഹനങ്ങൾ പിടിച്ചെടുത്തു. ഷാഡോ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോന്നി പയ്യനാമണ്ണിലുള്ള ക്രഷറിൽ നിന്ന് മെറ്റലിന്റെ പാസ് ഉപയോഗിച്ച് പാറപ്പൊടി കടത്തിയ വാഹനവും പിടിച്ചെടുത്തവയിൽ ഉൾപെടും. അഞ്ചു ടോറസും നാലു ടിപ്പറുകളുമാണ് എസ്.ഐ റെഞ്ചുവിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനുകളിൽ ഏൽപിച്ചത്. ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ജോസിന്റെ നിർദേശപ്രകാരം നടത്തിയ റെയ്ഡിൽ എസ്.ഐ രാധാകൃഷ്ണൻ, എ.എസ്.ഐമാരായ ഹരികുമാർ, വിൽസൺ, സി.പി.ഒ ശ്രീജിത്ത് എന്നിവരുണ്ടായിരുന്നു.
ചാരായം വിൽപ്പനക്കായി കൈവശം വച്ചതിന് അടൂർ കോട്ടപ്പുറം താഴത്തേതിൽ വീട്ടിൽ രാജേഷി(31) നെയാണ് അടൂർ എസ്‌ഐ അനൂപും സംഘവും അറസ്റ്റ് ചെയ്തത്. വീടിന് സമീപം വിൽപ്പനയ്ക്ക് നിന്ന ഇയാളിൽ നിന്ന് അര ലിറ്റർ ചാരായം പിടിച്ചെടുത്തു.
ലോക്ക്ഡൗൺ നിബന്ധനകളിൽ വരുത്തിയ ഇളവുകൾ പ്രകാരം വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ പാലിക്കപ്പെടുന്നത് ഉറപ്പുവരുത്തും. ലംഘനങ്ങൾക്കെതിരെ കർശന നിയമനടപടികൾ തുടരും.
കെ.ജി.സൈമൺ,
ജില്ലാ പോലീസ് മേധാവി
307 കേസുകൾ
ജില്ലയിൽ തിങ്കൾ വൈകിട്ട് നാലു മുതൽ ചൊവ്വ വൈകിട്ടു നാലു വരെ ലോക്ക്ഡൗൺ ലംഘനങ്ങൾക്ക് 307 കേസുകൾ രജിസ്റ്റർ ചെയ്തു.
315 പേരെ അറസ്റ്റ് ചെയ്തു, 274 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയ
22 പേർക്ക് ഇന്നലെ (4) നോട്ടീസ് നൽകി.