പത്തനംതിട്ട : വിദേശരാജ്യങ്ങളിൽ നിന്നോ ഇതര സംസ്ഥാനങ്ങളിൽ നിന്നോ ജില്ലയിൽ എത്തി കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ.ഷീജ അറിയിച്ചു. സെന്ററുകളിൽ യാതൊരു കാരണവശാലും കൂട്ടംകൂടുകയോ ഒത്തുചേർന്നുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുത്. നിർദേശിച്ചിട്ടുള്ള കാലയളവിൽ അവരവർക്ക് ലഭിച്ചിട്ടുള്ള മുറികളിൽ ഐസൊലേഷനിൽ കഴിയണം. മാസ്‌ക് ധരിക്കുകയും ഉപയോഗശേഷം അവ വലിച്ചെറിയാതെ അതിനുവേണ്ടി സ്ഥാപിച്ചിട്ടുള്ള ബിന്നിൽ ഇടണം. നിരീക്ഷണത്തിലുളളയാളിന്റെ മൊബൈൽ ഫോൺ, കണ്ണട, വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ആരോഗ്യം സംരക്ഷിക്കണം. റൂമിനുള്ളിൽ തന്നെ ലഘു വ്യായാമങ്ങൾ ചെയ്യുകയും നന്നായി ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും വേണം. രോഗലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിലോ ചികിത്സേതര ആവശ്യങ്ങൾ ഉണ്ടാവുകയാണെങ്കിലോ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, വാർഡൻ തുടങ്ങിയവരെ അറിയിക്കണം. അവർ നൽകുന്ന നിർദേശങ്ങൾ പൂർണമായി പാലിക്കണം. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സന്ദർശകരെ അനുവദിക്കില്ല.