07-manoj
മനോജ്

തണ്ണിത്തോട്: വാഹനാപകടത്തിൽ ഗുരുതരമായ പരുക്കേറ്റ നിർദ്ധനായ യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു.തണ്ണിത്തോട് അള്ളുങ്കൽ പുത്തൻവീട്ടിൽ മനോജ് (38 ആണ് സഹായം തേടുന്നത്.2019 ജനുവരി 3ന് ഉച്ചയ്ക്ക് 2ന് മനോജ് സഞ്ചരിച്ചിരുന്ന ബൈക്കും ഓട്ടോറിക്ഷയും തമ്മിൽ തണ്ണിത്തോട് മുണ്ടോമൂഴി പാലത്തിന് സമീപം കൂട്ടിയിടിക്കുന്നത്. അപകടത്തിൽ മനോജിന്റെ തോളെല്ല് ഒടിഞ്ഞ് മുറിഞ്ഞ് മാറിയതുമൂലം തലച്ചോറിലേക്കുള്ള ഞരമ്പുകളും മുറിഞ്ഞ്മാറി.വലതുകാലിൽ എട്ട് ഒടിവുകളുമുണ്ടായി.മനോജിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന അച്ഛൻ ശശിയുടെയും കാലും,കൈയ്യും അപകടത്തിൽ ഒടിഞ്ഞു.തുടർന്ന് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ആറ് മാസം ചികിത്സയിലായിരുന്നു. ഇവിടെ വച്ച് രണ്ട് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും മനോജിന്റെ ഒരു വശത്തെ ചലനശേഷി പൂർണമായി നഷ്ടപ്പെട്ട് നടക്കാൻ കഴിയാതായി.തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലെക്ക് മാറ്റിയെങ്കിലും 18 ലക്ഷം രൂപ ചെലവ് വരുന്ന മൂന്ന് മേജർ ശസ്ത്രക്രിയകൾ നടത്താൻ പണമില്ലാതെ ബുദ്ധിമുട്ടുകയാണ് നിർദ്ധന കുടുബം.കൂലി പണിക്കാരനായ 64 കാരനായ അച്ഛനും അപകടത്തിൽ പരുക്കേറ്റതോടെ ജോലിക്ക് പോകാൻ കഴിയാതായി.കഴിഞ്ഞ 16വർഷങ്ങളായി മനോജും കുടുംബവും വാടക വീട്ടിലാണ് താമസം.വീടിന്റെ അപകടവസ്ഥയെ തുടർന്ന് മാറി തരണമെന്ന് വീട്ടുടമസ്ഥരും പറയുന്നു.അച്ഛൻ ശശിയും,അമ്മ സൗദാമിനിയും,ഭാര്യ മഞ്ചുഷയും 9മാസം പ്രായമുള്ള മകൾ പവിത്രയുമൊന്നിച്ചാണ് മനോജ് താമസിക്കുന്നത്.തുടർ ചികിത്സയ്ക്കായി മനോജിന്റെ പേരിൽ ഫെഡറൽ ബാങ്ക് തണ്ണിത്തോട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട് അക്കൗണ്ട് നമ്പർ 126101001 67438. ഐ.എഫ്.എസ്.സി.കോഡ് FDRL0001261 ഫോൺ: 7561076050.