പത്തനംതിട്ട : ജില്ലാ ഹോമിയോപ്പതി വിഭാഗത്തിന്റെ നേതൃത്വത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഇമ്യുണിറ്റി ബൂസ്റ്റർ മരുന്ന് ജില്ലയിൽ എട്ട് ലക്ഷത്തിലധികം പേർക്ക് വിതരണം ചെയ്തതായി ജില്ലാ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ. ഡി. ബിജു കുമാർ പറഞ്ഞു. ജില്ലയിലെ ആകെ ജനസംഖ്യയായ 12 ലക്ഷം പേരിൽ 8,39,895 പേർ മരുന്ന് കഴിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് ആഴ്‌സിനിക് ആൽബം 30 എന്ന മരുന്ന് സ്ട്രിപ്പുകൾ ആണ് ഇമ്യുണിറ്റി ബൂസ്റ്റർ വിതരണത്തിനായി നൽകുന്നത്. ജനപ്രതിനിധികളുടെ സഹകരത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആശാ വർക്കർമാർ, കുടുംബശ്രീ, സന്നദ്ധ പ്രവർത്തകർ എന്നിവർ മുഖേന എല്ലാ വീടുകളിലും മരുന്ന് എത്തിക്കുകയും കൃത്യമായ ഡേറ്റ ശേഖരിക്കുകയും ചെയ്യുന്നു. ജില്ലയിലെ 32 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളിലും പൂർണമായും മരുന്നു വിതരണം ചെയ്തു. ജില്ലയിലെ 70 ശതമാനം ആളുകളും ഇത്തരത്തിൽ ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് കഴിച്ചുകഴിഞ്ഞു. മറ്റുള്ള പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളും മരുന്ന് വിതരണം നടന്നുവരികയാണ്.