pullad-road
മല്ലപ്പള്ളി - പുല്ലാട് റോഡിന്റെ പരുത്തിപ്പാലം ഭാഗത്ത് ടാറിംഗ് പ്രവർത്തികൾ പുരോഗമിക്കുന്നു.

മല്ലപ്പള്ളി : മല്ലപ്പള്ളി കോട്ടയം -കോഴഞ്ചേരി റോഡിൽ ഏറെക്കാലമായി തകർന്നു കിടന്ന മല്ലപ്പള്ളി - പുല്ലാട് റോഡിന്റെ ആദ്യഘട്ട ടാറിംഗ് ഇന്നലെ ആരംഭിച്ചു.ഹൈസ്‌ക്കൂൾപടി ജംഗ്ഷനിൽ നിന്നും ആരംഭിച്ച ഒറ്റവരി ടാറിംഗ് കീഴ്‌വായ്പ്പൂരിലെത്തി.ഇന്ന് രണ്ടാംവരിയുടെ ബിറ്റുമിൻ മെർക്കാഡം (ബി.എം.) നിരത്തുന്ന പണികൾ പൂർത്തിയാക്കും. ലോക്ഡൗൺ കാലത്ത് പ്രത്യേക അനുമതി വാങ്ങിയാണ് നിർമ്മാണം പുന:രാരംഭിച്ചത്. നിർമ്മാണ സാമിഗ്രികൾ ലഭിക്കാൻ വൈകുന്നതുമൂലം വെണ്ണിക്കുളം - പുല്ലാട് ഭാഗത്തെ പ്രവർത്തികൾ ഇനിയും വൈകുമെന്നാണ് സൂചന. ഇവിടുത്തെ വലിയകുഴികൾ നികത്തി സഞ്ചാരയോഗ്യമാക്കുമെന്ന് നിർമ്മാണ ചുമതല വഹിക്കുന്ന നാഷണൽ ഹൈവേ അതോറിറ്റി അസി.എൻജിനിയർ എ.ജയനിയും ഓവർസിയർമാരായ വി.സുരേഷ് ബാബു,എസ്.ശരത് എന്നിവർ കേരള കൗമുദിയോട് പറഞ്ഞു.കേന്ദ്ര റോഡ് ഫണ്ടിൽനിന്ന് 15 കോടി രൂപ അനുവദിച്ച് 12കിലോമീറ്റർ ദൂരത്തിലുള്ള റോഡ് നിർമ്മാണം 2018 ഒക്ടോബറിൽ 16ന് വെണ്ണിക്കുളം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുമ്പോൾ 9 മാസത്തിനുള്ളിൽ പ്രവർത്തികൾ പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയിരുന്നത്.പിന്നീട് ഇവിടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി അഡ്വ.മാത്യു ടി തോമസ് എം.എൽ.എ ഇടപെട്ട് സർക്കാർ അനുവദിച്ച തുക ചെലവഴിച്ച് പൈപ്പുകൾ സ്ഥാപിക്കുവാനുള്ള കാലതാമസവും പിന്നീടുണ്ടായ സാങ്കേതിക തടസങ്ങൾ സമരപരമ്പരകളും ആരോപണ പ്രത്യാരോപണങ്ങൾക്കും ഇടയാക്കിയിരുന്നു.

രണ്ടാം ഘട്ടടാറിംഗ് ഈ മാസം

ചങ്ങനാശേരി ആസ്ഥാനമായ പാലാത്തറ കൺസ്ട്രഷൺസ് കരാർ ഏറ്റെടുത്ത് നടത്തുന്ന ബി.എം.ആൻഡ് ബി.സി. ദേശീയ നിലവാരത്തിൽ നിർമ്മിക്കുന്ന റോഡിൽ രണ്ടാംഘട്ട ടാറിംഗും അതിരുകളുടെ മാർക്കിംഗ്,റിഫ്‌ളക്ടർ,ബോർഡുകൾ എന്നിവ സ്ഥാപിക്കുന്ന പണികളും ഈ മാസം തന്നെ പൂർത്തിയാകും.എന്നാൽ കാലതാമസം നേരിടുന്ന റോഡിന് കുറുകെയുള്ള കലുങ്കളുടെയും സംരക്ഷണ ഭിത്തികളുടെയും നിർമ്മാണവും ഇതോടൊപ്പം നടക്കുമെന്നും കോട്ടയം ജില്ലയിലെ പ്ലാന്റിൽ നിർമ്മിക്കുന്ന ബി.എം.ആൻഡ് ബി.സി. മിശ്രിതം പ്രത്യേക അനുമതിയോടുകൂടി എത്തിച്ചാണ് ടാറിംഗ് നടത്തുന്നതെന്നും കരാറുകാർ അറിയിച്ചു.