അട്ടച്ചാക്കൽ: അട്ടച്ചാക്കൽ വഞ്ചിപ്പടിയിലെ അപകട വളവിൽ അധികൃതർ പരിശോധന നടത്തി. കഴിഞ്ഞ ദിവസം ടിപ്പർലോറി ഇടിച്ച് യുവാവ് മരിച്ച പശ്ചാത്തലത്തിലായിരുന്നു പരിശോധന. മുമ്പും ഇവിടെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
വീതികൂട്ടാൻ പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കും. വളവിനു സമീപത്തുള്ള പാലത്തിന് വീതി കൂട്ടിയെങ്കിലും ഉയർന്ന് നിൽക്കുന്നത് അപകടാവസ്ഥയ്ക്ക് കാരണമാണ്. ഇവിടെ കോൺക്രീറ്റ് ചെയ്ത് റോഡ് നിരപ്പാക്കും. കാഴ്ചയ്ക്ക് തടസമായ മരങ്ങൾ മുറിച്ചുമാറ്റും. വളവു കഴിഞ്ഞുള്ള കയറ്റത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ചത് മൂലമുള്ള അപകടകരമായ കുഴികൾ നികത്തും.
പൊതുമരാമത്ത് വകുപ്പിന്റെ പണികൾ നടക്കുന്നതു വരെ വാഹനങ്ങൾ വേഗത കുറച്ച് പോകുന്നതിന് ബാരിക്കേഡ് ഉപയോഗിച്ച് സ്പീഡ് ബ്രേക്കർ സ്ഥാപിക്കും . കോന്നി വെട്ടൂർ റോഡ് ബി.എം.ആന്റ് ബി.സി ആക്കിയപ്പോഴുള്ള അശാസ്ത്രീയത പൊതുമരാമത്ത് വകുപ്പ് പരിശോധിക്കും
ടിപ്പർ ലോറികളുടെ അമിതവേഗവും, മത്സര ഓട്ടവും നിയന്ത്രിക്കാൻ. ജനപ്രതിനിധികളുടെയും, പൊലീസിന്റെയും യോഗം ഉടൻ വിളിച്ചു ചേർക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രജനി, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബി.ബിനു, പൊലീസ് ഇൻസ്‌പെക്ടർ സുരേഷ് കുമാർ, സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി ജിജോ മോഡി, ചെങ്ങറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ.വിജയൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.