നാരങ്ങാനം : ഉറ്റവർ ദാനം നൽകിയ വൃക്കകൾ പുതുജീവൻ നൽകിയ ഓട്ടോ തൊഴിലാളിക്കും കുടുംബത്തിനും മേയ് ദിനത്തിൽ സ്നേഹത്തിന്റ കൈത്താങ്ങുമായി വൈദികനും ജനപ്രതിനിധിയും.
കോഴഞ്ചേരി നാരങ്ങാനം വെസ്റ്റ് കോട്ടുങ്കൽ വീട്ടിൽ 38 കാരനായ വിനയകുമാറിന്റെ വസതിയിൽ മാരാമൺ മാർത്തോമ്മാ ഇടവക അസി. വികാരി റവ. ലിജു താമരകുടിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂരുമാണ് സ്വന്തനവുമായി എത്തിയത്.
കരൾ മാറ്റ ശാസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചു പിടിച്ച റവ. ലിജു രാജു താമരക്കുടിയുടെ അഭ്യർത്ഥന പ്രകാരം ജോർജ് മാമ്മൻ കൊണ്ടൂർ തന്റെ ഓണറോറിയം ഉപയോഗിച്ചാണ് ഒരു മാസത്തേക്ക് അവശ്യമായ ജീവൻരക്ഷാ മരുന്നുകൾ വാങ്ങി നൽകിയത്. ഇതിനോടൊപ്പം പലവ്യഞ്ജന പച്ചക്കകറി കിറ്റുകളും കോവിഡ് പ്രതിരോധ വസ്തുക്കളായ മാസ്കുകൾ സാനിറ്റേസർ, കൈയ്യുറകൾ എന്നിവയും നൽകി
2010-ൽ വിനയന്റെ വൃക്ക പ്രവർത്തനരഹിതമായതിനെ തുടർന്ന് ഭാര്യ മാതാവ് നൽകിയ വൃക്ക എറണാകുളം ലോക് ഷോർ ആശുപത്രിയിൽ ശസ്ത്രകിയയിലുടെ മാറ്റിവെച്ചങ്കിലും 2017 ൽ ശരീരം ആ വൃക്ക നിരാകരിച്ചു. തുടർന്ന് സഹോദരന്റെ ഭാര്യ നൽകിയ വൃക്ക എറണകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ച് മാറ്റി വയ്ക്കുകയായിരുന്നു. ആ വൃക്കയുടെ സഹായത്താലാണ് വിനയൻ ഓട്ടോറിക്ഷ ഓടിച്ചു ജീവിച്ചു വരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആ വരുമാനവും നിലച്ചു. ഭാര്യയും 9 വയസുള്ള മകളും കിടപ്പുരോഗിയായ പിതാവും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് വിനയൻ.
വിനയന്റെ കദനകഥ ഫേസ് ബുക്കിലൂടെ അറിഞ്ഞ മലപ്പുറത്തെ പ്രവാസികൾ വാങ്ങി നൽകിയതാണ് ഓട്ടോറിക്ഷ. രണ്ടര സെന്റ് സ്ഥലത്ത് എൻ.ജി.ഒ അസോസിയേഷൻ നിർമ്മിച്ചു നൽകിയ വീട്ടിലാണ് ഇവർ താമസിച്ചു വരുന്നത്.