പന്തളം: ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പന്തളത്ത് വ്യാപകമായ നാശനഷ്ടം. 9 വീടുകൾ ഭാഗികമായി തകർന്നു. കാർഷിക വിളകൾ നശിച്ചു. വൈദ്യുതി തകരാറിലായി.
ഇന്നലെ വൈകിട്ടു നാലു മണിയോടെയാണ് കാറ്റും മഴയുമുണ്ടായത്. മുടിയൂർക്കോണം നാലാംകുഴിയിൽ തങ്കകമ്മയുടെയും അടയ്ക്കാ തോട്ടത്തിൽ ഭവാനിയമ്മയുടെയും വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. കാട്ടൂർ തറയിൽ കൃഷ്ണൻകുട്ടിയുടെ വീടിനു മുകളിൽ പ്ലാവു വീണും കടയ്ക്കാട് തെക്ക് കരിങ്ങാലി കണ്ടത്തിൽ അക്ബറിന്റെ വീടിനു മുകളിൽ തെങ്ങു വീണും ഭാഗികമായി തകർന്നു. വടക്കേ ചെറുകോണത്ത് കൃഷ്ണൻകുട്ടിയുടെ വീടിന്റെ സിറ്റൗട്ട് വൈദ്യുതി പോസ്റ്റ് വീണു തകർന്നു തോന്നല്ലൂർ പാലത്തടത്തിൽ ശശികുമാറിന്റെ വീടിന്റെയും മേൽക്കൂര തകർന്നു. മങ്ങാരം കന്നുകെട്ടുംതടത്തിൽ രവി, റംസ എന്നിവരുടെ വീടുകൾക്കു മുകളിൽ മഹാഗണി യും മുളയ്ക്കംതുണ്ടിൽ സജിയുടെ വീടിനു മുകളിൽ പ്ലാവും വീണു തകർന്നു.
പന്തളത്തെ സ്വകാര്യ ആശുപത്രിയുടെ മേൽക്കൂരയുടെ ഓടു തകർന്നുവീണ് രണ്ടു കാറുകൾക്കു കേടുപാടുകൾ സംഭവിച്ചു. പന്തളം എൻഎസ്എസ് കോളേജിനെതിർവശത്തുള്ള രാജവത്സം ആർക്കേഡിന്റെ റൂഫ് തകർന്നു ബൈപാസ് റോഡിൽ വീണ് അതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഫെഡറൽ ബാങ്കിന്റെ റൂഫും തകർന്നു. ലോക് ഡൗൺ പ്രമാണിച്ചു പന്തളം ജംഗ്ഷനിൽ പോലീസുകാർക്കു വിശ്രമിക്കുന്നതിനായി സ്ഥാപിച്ചിരുന്ന പന്തലും തകർന്നു,
മുടിയൂർക്കോണം, മങ്ങാരം, കുരമ്പാല, അമൃത വിദ്യാലയം പൂഴിക്കാട്, പാലത്തടം, പൂവനശ്ശേരിൽ ഭാഗങ്ങളിൽ വാഴ, ചേന, ചേമ്പ് ഉൾപ്പെടെയുള്ള കൃഷികൾ നശിച്ചു. പെരുമ്പുളിക്കൽ വരിക്കോലിൽ മോഹനൻ പിള്ളയുടെ വെറ്റിലക്കൃകൃഷിയും നശിച്ചു. വൈദ്യുത പോസ്റ്റുകൾ തകർന്നു ലൈൻ പൊട്ടി വൈദ്യുതിയും നിലച്ചു.