കോന്നി : ലോക് ഡൗണിൽ പ്രതിസന്ധിയിലായത് കോന്നിയിലെ മറയൂർ ചന്ദനവില്പന കേന്ദ്രവും. ലക്ഷങ്ങളുടെ ചന്ദനത്തടികളാണ് വിൽക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്നത്. വനം വകുപ്പിന്റെ അരുവാപ്പുലത്തെ തടി ഡിപ്പോയിലാണ് മറയൂർ ചന്ദനത്തിന്റെ ചില്ലറ വില്പന കേന്ദ്രം. മറയൂരിൽ നിന്ന് നേരത്തെ എത്തിച്ച 101 കിലോഗ്രാം ചന്ദനം ദിവസങ്ങൾക്കുള്ളിലാണ് വിറ്റുപോയത്. ലോക് ഡൗണിന് തൊട്ടുമുമ്പെത്തിച്ച തടികൾ കെട്ടിക്കിടക്കുകയാണ്.. മോഷണം ഭയന്ന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

അരുവാപ്പുലത്ത് ചന്ദനവ്യാപാരം തുടങ്ങിയത് കഴിഞ്ഞ ഒക്ടോബറിലാണ്. ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലേക്കും ചന്ദനം ഇവിടെ നിന്ന് വാങ്ങിയിരുന്നു. നേരത്തെ മറയൂരിൽ നിന്നാണ് എത്തിച്ചിരുന്നത്.

വ്യക്തികൾക്ക് ഒരുകിലോഗ്രാം വരെയും ക്ഷേത്രങ്ങൾക്കും സംഘടനകൾക്കും ഒരു കിലോയ്ക്ക് മുകളിലും ചന്ദനം ലഭിച്ചിരുന്നു. അംഗീകൃത കരകൗശല, മരുന്ന് നിർമ്മാണ സ്ഥാപനങ്ങൾക്ക് തൂക്കത്തിൽ നിബന്ധനയില്ലായിരുന്നു. തിരിച്ചറിയൽ കാർഡും മ​റ്റുരേഖകളും മാത്രം ഹാജരാക്കിയിൽ മതിയായിരുന്നു.

------------

3 ഇനങ്ങൾ


വിപണിയിൽ നല്ല വില ലഭിക്കുന്ന മൂന്നിനം ചന്ദനങ്ങളാണ് കോന്നിയിൽ കെട്ടിക്കിടക്കുന്നത്. (നികുതി കൂടാതെയുള്ള വില

ഗോട്ടില ഒരു കിലോ 19500

ബരഭദ്റ 13530

സാപ്പത്ത 9000

-----------

ചന്ദനമരം

സുഗന്ധദ്രവ്യമുണ്ടാക്കാൻ ഉപയോഗിക്കുന്നു. ഹൈന്ദവർ പുണ്യവൃക്ഷമായാണ് കരുതുന്നത്. തടികൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നുണ്ട്. തടി ഉരച്ച് കുഴമ്പ് ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകുന്നു. മരത്തിന്റെ കാതലിൽ നിന്ന് ചന്ദനത്തൈലം നിർമ്മിക്കുന്നു. . ലോകത്തിൽത്തന്നെ വളരെ വിരളമാണ്ചന്ദനമരങ്ങൾ. ഇന്ത്യയിൽ മൈസൂർ, കുടക്, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽ വളരുന്നു. കേരളത്തിൽ മൂന്നാറിനടുത്തുള്ള മറയൂർ വനമേഖലയിലാണ് ചന്ദനത്തിന്റെ തോട്ടങ്ങൾ ഏറെയും.