marriage

ഏനാത്ത്: കതിർമണ്ഡപത്തിൽ നിന്ന് നവദമ്പതികൾ എത്തിയത് കൊവിഡ് മുക്ത ജില്ലയായ പത്തനംതിട്ടയിലെ ആരോഗ്യപ്രവർത്തകർക്കും പൊലീസിനും ആദരവ് അർപ്പിക്കാൻ മധുരപലഹാരങ്ങളുമായി. ജില്ലാ അതിർത്തിയായ ഏനാത്ത് പാലത്തിലുണ്ടായിരുന്ന പൊലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും മധുരം നൽകി. ഇവർ ഇരുവരെയും അനുഗ്രഹിച്ചാണ് വരന്റെ വീട്ടിലേക്ക് യാത്രയാക്കിയത്.

പുത്തൂർ മൈലംകുളം ആണ്ടൂർ പുത്തൻവീട്ടിൽ അജയകുമാർ - ഷൈലജ ദമ്പതികളുടെ മകൻ അഖിലും ഏഴംകുളം തേപ്പുപാറ പുഷ്പ വിലാസത്തിൽ അനിൽകുമാർ - ബിന്ദു ദമ്പതികളുടെ മകൾ അമൃതയുമാണ് ഇന്നലെ വധൂഗൃഹത്തിൽ വിവാഹിതരായത്. ഏപ്രിൽ 15ന് ഏഴംകുളം ദേവീക്ഷേത്രത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം ലോക്ക് ഡൗൺ മൂലം മാറ്റിവയ്ക്കുകയായിരുന്നു. സർക്കാർ നിബന്ധന പൂർണ്ണമായും പാലിച്ച് ഇരുപതിൽത്താഴെയുള്ള ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ജില്ലാ കളക്ട്രേറ്റിലെത്തി ജില്ലാ കളക്ടർ പി.ബി. നൂഹിനെ കണ്ട് മധുരം നൽകി അനുഗ്രഹം വാങ്ങാൻ ശ്രമം നടത്തിയെങ്കിലും കളക്ടർ തിരക്കിലായിരുന്നു.

ലോകം കൊവിഡിനെതിരെ പോരാടുമ്പോൾ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ആരോഗ്യ പ്രവർത്തകരും പൊലീസും ചെയ്യുന്ന നന്മകളെ ആദരിക്കുന്നു.

നവദമ്പതികൾ