പത്തനംതിട്ട : അഴൂർ റോഡിൽ കെ.എസ്.ഇ.ബി സബ് സ്‌റ്റേഷന് സമീപം ഗവ.റസ്റ്റ് ഹൗസിലേക്കുള്ള റോഡിന്റെ വലതുവശത്ത് ഒന്നര ഏക്കർ വ്യാപിച്ചു കിടക്കുന്ന ഒരു കൃഷിയിടമുണ്ട്. ഒറ്റനോട്ടത്തിൽ കാടുപിടിച്ച ചതുപ്പുനിലമെന്നു തോന്നുമെങ്കിലും നിറയെ മത്സ്യങ്ങളാണിവിടെ. എട്ടു കുളങ്ങളിലായി വിവിധതരം മത്സ്യങ്ങൾ വളരുന്നു. ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് ജൂനിയർ സൂപ്രണ്ടായി വിരമിച്ച സുരേന്ദ്രനും കെ.എസ്.ആർ.ടി.സിയിൽ നിന്ന് സൂപ്രണ്ടായി വിരമിച്ച ഭാര്യ രാധാമണിയുമാണ് മത്സ്യക്കൂട്ടത്തിന്റെ രക്ഷകർത്താക്കൾ.
കേന്ദ്ര ഗവൺമെന്റിന്റെ മറൈൻ പ്രോഡക്റ്റ് എക്സ്‌പോർട്ട് ഡവലപ്‌മെന്റ് ഏജൻസിയുടെ സഹായത്തോടെയും നിർദ്ദേശാനുസരണവുമാണ് മത്സ്യക്കൃഷി.ശുദ്ധജലത്തിൽ വളരുന്ന മത്സ്യങ്ങൾക്ക് രണ്ടര മുതൽ മൂന്നു കിലോ വരെ തൂക്കമുണ്ട്. ഇവയ്ക്ക് താരതമ്യേന വിലക്കുറവുമാണ്.
പ്ലാവ്, പറങ്കാവ്, പേര, മുരിങ്ങ, കരിയാപ്പ്, ചീര, വെണ്ട, വഴുതിന, പയറ് തുടങ്ങിയവയെല്ലാം കൃഷി ഭൂമിയെ സമൃദ്ധമാക്കുന്നു. തൊട്ടടുത്തുതന്നെ വീടിനോടു ചേർന്ന് അലങ്കാര മത്സ്യങ്ങളുടെ ശേഖരവും ഉണ്ട്. വീടിനുള്ളിൽ സൂക്ഷിക്കാവുന്ന വിവിധതരം അക്വേറിയങ്ങളും ദമ്പതികൾ നിർമ്മിച്ചു നൽകുന്നു.
അക്വാപോണിക് രീതിയനുസരിച്ചുള്ള പച്ചക്കറി കൃഷിയും ഇവിടെ എത്തിയാൽ പരിശീലിക്കാം. മൂൺലൈറ്റ് അക്വേറിയം എന്ന സ്ഥാപനത്തിലൂടെ ആധുനിക മത്സ്യക്കൃഷിയുടെ പ്രചാരകർ ആകുകയാണ് ദമ്പതികൾ. ഫോൺ : 0468 2321289, 9387118760.