പത്തനംതിട്ട : ലോക്ക് ഡൗണിൽ ജനങ്ങൾ നട്ടം തിരിയുമ്പോൾ കൊള്ള വില ഈടാക്കി ലാഭം നേടാൻ ശ്രമിക്കുകയാണ് ചിലർ. കുപ്പിവെള്ളത്തിനും മാസ്കിനുമാണ് അമിത വില ഈടാക്കുന്നത്. ഇതിൽ ജില്ലയിലെ ഒരു ആശുപത്രിയും ഉണ്ട്. ലോക്ക് ഡൗൺ ആയതിനാൽ അത്യാവശ്യക്കാർ മാത്രമാണ് പുറത്തിറങ്ങുന്നത്. ആശുപത്രിയിൽ പോകുന്നവർ മറ്റാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ തുടങ്ങിയവരിൽ നിന്നാണ് ഈ പകൽ കൊള്ള. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമാണിത്.
* വില 13 വിൽക്കുന്നത് 20 ന്
ജില്ലയിൽ കുപ്പിവെള്ളത്തിന് കൊള്ള വിലയാണ്. 13 രൂപയുള്ള കുപ്പിവെള്ളം 20 രൂപയ്ക്കാണ് വിൽക്കുന്നത്. ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന നടത്തി പിഴ ഈടാക്കുന്നുണ്ട്. 35 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി പിഴ ഈടാക്കിയിട്ടുണ്ട്. ഇവയിൽ കൂടുതലും ബേക്കറികളാണ്. അമിത വില ഈടാക്കിയാൽ ഉടമയ്ക്ക് 5000 രൂപയാണ് പിഴ. ഒന്നിൽ കൂടുതൽ പങ്കാളികൾ ഉണ്ടെങ്കിൽ ഓരോരുത്തർക്കും 5000 രൂപ ഈടാക്കും. തണുത്ത വെള്ളത്തിനാണ് കൂടുതൽ വില ഈടാക്കുന്നതെന്നാണ് വിൽപ്പനക്കാരുടെ ന്യായം. എന്നാൽ സർക്കാരിന്റെ ഉത്തരവിൽ എല്ലാ വെള്ളത്തിനും 13 രൂപയാണ്.
ഇതുവരെ ഇൗടാക്കിയ പിഴ: 1,60000 രൂപ.
* മാസ്കിന് വില 5 മുതൽ 16 വരെ
മാസ്ക് നിർബന്ധം ആക്കിയതോടെ മാസ്കിന് ആവശ്യക്കാരും ഏറെയാണ്. ജില്ലയിലെ ഒരു ആശുപത്രി പോലും മാസ്കിന് അമിത വില ഈടാക്കിയിരുന്നു. ലെയറിനനുസരിച്ചാണ് വില. 5 മുതൽ 16 വരെ ആകാം. 20 രൂപയ്ക്കും അതിൽ കൂടുതലും വിൽക്കുന്നവരെ കണ്ടെത്തിയിരുന്നു. ചിലത് കേസ് കോടതിയുടെ പരിഗണനയിലാണ്. ഒൻപത് കേസുകളാണ് ഇങ്ങനെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇതുവരെ ഇൗടാക്കിയ പിഴ: 60000 രൂപ
* റേഷനിലും കുറവ്
ലോക്ക് ഡൗണിൽ ദുരിതത്തിലായ ജനങ്ങൾക്ക് സാധനങ്ങൾ എത്തിക്കുന്നത് റേഷൻ കടകൾ വഴിയാണ്. ഈ റേഷൻ കടകളിൽ തൂക്കത്തിൽ കുറവ് രേഖപ്പെടുത്തുന്നതിനും ചില കടക്കാർ ശ്രമിക്കുന്നുണ്ട്. ഇങ്ങനെ 9 കേസുകളും ഈ ലോക്ക് ഡൗണിൽ റിപ്പോർട്ട് ചെയ്തു.
ഇൗടാക്കിയ പിഴ: 45000 രൂ.
* ലോക്ക് ഡൗണിൽ 113 കേസുകളാണ് അമിത വിലയ്ക്കും തൂക്കകുറവിനും മറ്റുമായി ഈടാക്കിയിട്ടുള്ളത്. 3,80000 രൂപ ആകെ പിഴ ലഭിച്ചിട്ടുണ്ട്.
* സുതാര്യം ആപ്പിലും ലീഗൽ മെട്രോളജി സൈറ്റിലും പരാതികൾ അറിയിക്കാം. ടോൾ ഫ്രീ നമ്പർ : 18004254835.
"കുപ്പിവെള്ളത്തിനും മാസ്കിനും അമിത വില ഈടാക്കുന്നവർക്കെതിരെ നടപടി എടുത്തിട്ടുണ്ട്. പിഴയും ഈടാക്കി. പരിശോധന നടന്നു കൊണ്ടിരിക്കുന്നു. ആർക്ക് വേണമെങ്കിലും പരാതി നൽകാം. എല്ലാ പരാതിയും പരിശോധിക്കും."
ബി.ഐ സൈലാസ്
(ജില്ലാ ഡെപ്യൂട്ടി കൺട്രോളർ ഒഫ് ലീഗൽ മെട്രൊളജി.)