കോന്നി: നിയോജക മണ്ഡലത്തിലെ കൊവിഡ് കെയർ സെന്ററുകൾ കെ.യു ജനീഷ് കുമാർ എം.എൽ.എയും ജില്ലാ കളക്ടർ പി.ബി നൂഹും സന്ദർശിച്ചു. പതിനൊന്ന് കൊവിഡ് കെയർ സെന്ററുകളാണ് പ്രവാസികളെ ക്വാറന്റൈയിൻ ചെയ്യാൻ തയ്യാറാക്കിയിട്ടുള്ളത്.
താലൂക്ക്തല കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററായ കോന്നി ടി.വി.എം ഹോസ്പിറ്റലിലും എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. കൊവിഡ് കെയർ സെന്ററുകളിലേക്കുള്ള ചുമതലക്കാരുടെ നിയമനവും പരിശീലനവും പൂർത്തിയായി. ഫയർഫോഴ്‌സ് എല്ലാ കൊവിഡ് കെയർ സെന്ററുകളും അണുനാശിനി തളിച്ച് ശുചീകരിച്ചു. ആങ്ങമൂഴി മർത്തോമാ റിന്യൂവൽ സെന്ററിൽ നടന്ന ശുചീകരണ പ്രവർത്തനത്തിൽ ഫയർഫോഴ്‌സിനൊപ്പം എം.എൽ.എയും മറ്റു ജനപ്രതിനിധികളും വൈദികരും വോളന്റിയർമാരും പങ്കെടുത്തു.
ആങ്ങമൂഴി മർത്തോമാ റിന്യൂവൽ സെന്റർ ശുചീകരണത്തിൽ എം.എൽ.എയെ കൂടാതെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, വൈസ് പ്രസിഡന്റ് പി.ആർ.പ്രമോദ്, ഫാദർ ജയ്‌സൺ.ടി.വർഗീസ്, ഫാദർ പി.എ.ഏബ്രഹാം, ഫാദർ ജോബി ജോൺ, വോളന്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.