പത്തനംതിട്ട : കൊവിഡ് 19 വ്യാപനം നിമിത്തം തൊഴിൽ നഷ്ടമായ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ ക്ഷേമനിധി ബോർഡിൽ നിന്നുള്ള 1000 രൂപ ധനസഹായത്തിന് 31 വരെ അപേക്ഷിക്കാം. അപേക്ഷ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ നേരിട്ടോ unorganisedwssbpta@gmail.com എന്ന ഇമെയിലിലോ നൽകാം. കൈതൊഴിലാളി, ബാർബർ/ബ്യൂട്ടീഷൻ, അലക്ക്, ക്ഷേത്രജീവനക്കാർ എന്നീ ക്ഷേമപദ്ധതികൾ കൂട്ടിച്ചേർത്താണ് അസംഘടിതതൊഴിലാളി ക്ഷേമിനിധിബോർഡ് രൂപീകരിച്ചത്. വർദ്ധിപ്പിച്ച നിരക്കിൽ തുക ഒടുക്കാതെ പഴയ പദ്ധതികളിൽ ഇപ്പോഴും നിലനിൽക്കുന്ന അംഗങ്ങൾക്ക് അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടാനും ധനസഹായത്തിന് അപേക്ഷിക്കുവാനും അവസരമുണ്ട്. ജില്ലയിലെ അർഹരായ അംഗങ്ങൾ അംഗത്തിന്റെ പേര്, അംഗത്വനമ്പർ, വിലാസം, ജനനതീയതി, അംഗത്വം നേടിയ തീയതി, അംശാദായം അടച്ച കാലയളവ്, ആധാർ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ട് നമ്പർ, ബ്രാഞ്ച്, ഐ.എഫ്.എസ്.സി കോഡ്, മൊബൈൽ നമ്പർ എന്നിവയും അപേക്ഷകർ മറ്റൊരു ക്ഷേമനിധിയിലും അംഗമല്ല എന്ന സത്യപ്രസ്താവനയും ഉൾക്കൊളളിച്ച് വെള്ളക്കടലാസിൽ അപേക്ഷ നൽകണം.