പത്തനംതിട്ട: വിദേശത്ത് നിന്ന് ജില്ലയിൽ തിരിച്ചെത്തുന്നവരെ ക്വാറന്റൈനിൽ താമസിപ്പിക്കാൻ പൊതുമരാമത്ത് വിഭാഗം 13,315 കിടക്കകൾ തയ്യാറാക്കി.
വിദേശരാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ ക്വാറന്റൈൻ ചെയ്യുന്നതിനായി സജീകരിച്ചിട്ടുള്ള കോവിഡ് കെയർ സെന്ററുകൾ ജില്ലാ കളക്ടർ പി.ബി.നൂഹ് സന്ദർശിച്ചു. അടൂർ താലൂക്കിലെ ഏഴംകുളം എസ്.എൻ.ഐ.ടി കോളജിൽ 30 മുറികൾ ക്വാറന്റൈനായി സജ്ജീകരിച്ചിട്ടുണ്ട്. ശുചി മുറികളോടുകൂടിയ സംവിധാനമുള്ള മുറികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
രാത്രിയും പകലും സെക്യൂരിറ്റിയും ക്വാറന്റൈൻ ചെയ്യുന്നവർക്കുള്ള ഭക്ഷണവും ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ പഞ്ചായത്ത്തലത്തിൽ ഒരുക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. രോഗലക്ഷണമുള്ളവർ ഉണ്ടെങ്കിൽ അവർക്കുള്ള ആരോഗ്യപരമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കണമെന്നും ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റിനോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ക്വാറന്റൈൻ ചെയ്യുന്നവരുടെ അടുത്തേക്ക് സന്ദർശകരെ അനുവദിക്കരുത്. കോവിഡ് കെയർ സെന്ററിൽ ആൾക്കൂട്ടം അനുവദിക്കരുത്. മേൽനോട്ടം വഹിക്കുന്നതിനായി കൃത്യമായ ആളുകളെ ക്രമീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു.
കോഴഞ്ചേരി പൊയ്യാനിൽ നേഴ്‌സിംഗ് കോളജ്, കോഴഞ്ചേരി പാർത്ഥസാരഥി ടൂറിസ്റ്റ് ഹോം, കോന്നി മണ്ണീറ ടൂറിസ്റ്റ് ഹോം എന്നിവടങ്ങളിലായി സജീകരിച്ചിട്ടുള്ള കോവിഡ് കെയർ സെന്ററുകളും കളക്ടർ സന്ദർശിച്ചു.
ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് ബി.ലത, എൻ.എച്ച്.എം ഡി.പി.എം ഡോ. എബി സുഷൻ, ആർ.ഡി.ഒ പി.ടി. എബ്രഹാം, തുടങ്ങിയവർ പങ്കെടുത്തു.