തണ്ണിത്തോട്: ഏറെ പ്രതീക്ഷയുമായി എത്തിയ മലയോര കർഷകനായിരുന്നു മേടപ്പാറയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിനീഷ് മാത്യു. പ്ലാന്റേഷൻ കോർപ്പറേഷന്റെ റബ്ബർത്തോട്ടങ്ങൾ സ്ലോട്ടർ ടാപ്പിംഗിനെടുക്കുന്ന പതിവാണ് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ബിനീഷ് മാത്യുവിനെ നാലു വർഷം മുൻപ് തണ്ണിത്തോട്ടിലെത്തിച്ചത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ റബ്ബർ മരങ്ങൾ കരാറെടുക്കുകയായിരുന്നു ലക്ഷ്യം. മേടപ്പാറയിൽ 1000 റബ്ബർ മരങ്ങളടങ്ങിയ ഒരു ബ്ലോക്കാണ് സ്ലോട്ടർ ടാപ്പിംഗിനായി എടുത്തത്. തൊഴിലാളികൾക്കൊപ്പം റബ്ബർ വെട്ടുന്ന പതിവും ബിനീഷിനുണ്ടായിരുന്നു. ദിവസവും പുലർച്ചെ ജോലിക്കിറങ്ങി ഉച്ചയോടെ ജോലികൾ പൂർത്തിയാക്കി മടങ്ങുകയാണ് പതിവ്. വ്യാഴാഴ്ച ഈ പതിവ് പാലിക്കാൻ ബിനീഷിന് കഴിഞ്ഞില്ല. 8 മാസം ഗർഭിണിയായ ഭാര്യ സിനിയോടൊപ്പം പ്ലാന്റേഷൻ കോർപ്പറേഷന്റെ ലയത്തിലായിരുന്നു താമസം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 റബർകറ ശേഖരിക്കുമ്പോഴായിരുന്നു കടുവയുടെ ആക്രമണം. ബിനീഷിന്റെ മരണം ഭാര്യയെ അറിയിക്കാനാകാതെ വിതുമ്പുകയായിരുന്നു നാട്ടുകാരും തൊഴിലാളികളും.